
മലപ്പുറം: റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി. മാമ്പുഴ ഇരിങ്ങല്‍തൊടി ഉമ്മുക്കുല്‍സുവിനാണ് മാല കളഞ്ഞു കിട്ടിയത്. കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ബസ് കാത്തുനില്‍ക്കവെയാണ് മാമ്പുഴ പഞ്ചായത്തിങ്ങല്‍ വെച്ച് ഉമ്മുക്കുല്‍സുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ മാല സ്വര്‍ണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസു തിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരന്‍ വഴി വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിവരം നല്‍കി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു. തുവ്വൂരിലെ ഫെ ബിന മുംതാസിന്റേതായിരുന്നു മാല. ബൈക്കില്‍ വരുമ്പോള്‍ ബാഗില്‍ നിന്ന് തെറിച്ച് റോഡില്‍ വീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഉമ്മുക്കുല്‍സു മാല കൈമാറി. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉമ്മുകുല്‍സുവിന്റെ സത്യസന്ധതയെ പ്രശംസിച്ചും നന്ദി അറിയിച്ചുമാണ് മാലയുടെ ഉടമയും പൊലീസും മടങ്ങിയത്.