രാവിലെ എട്ടരയോടെ ആണ് ഉജ്വൽ സ്കൂട്ടറിൽ എത്തിയത്. പത്തേമുക്കാലോടെ മീൻപിടുത്തക്കാരാണ് തീരത്ത് അടിഞ്ഞ മൃതദേഹം കാണുന്നത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനായിരുന്നു ഉജ്വൽ.

ആലപ്പുഴ: ആലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി ജീവനൊടുക്കി. ഒരു പെൺകുട്ടിയും യുവാവിനൊപ്പം കടലിൽ ചാടിയെന്ന് നാട്ടുകാർ ആദ്യം സംശയിച്ചിരുന്നു. യുവാവ് എത്തിയത് ഒറ്റയ്ക്കാണെന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ വെൺമണി സ്വദേശിയായ 26കാരൻ ഉജ്വൽ കുമാറിനെയാണ് പുറക്കാട് കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ ആണ് ഉജ്വൽ സ്കൂട്ടറിൽ എത്തിയത്. പത്തേമുക്കാലോടെ മീൻപിടുത്തക്കാരാണ് തീരത്ത് അടിഞ്ഞ മൃതദേഹം കാണുന്നത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയിൽ ജീവനക്കാരനായിരുന്നു ഉജ്വൽ.

ബ്രയിൻ ട്യൂമർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ജോലിക്കെത്തിയില്ലെന്ന് സ്റ്റുഡിയോ ഉടമ ഉജ്വലിന്‍റെ വീട്ടുകാരെ രാവിലെ തന്നെ അറിയിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തീരത്ത് മൃതദേഹം അടിഞ്ഞത്. സ്കൂട്ടറിനുള്ളിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ മൊബൈൽ ഫോണും കണ്ടെത്തി. ഉജ്വലിനൊപ്പം ഒരു പെൺകുട്ടി കൂടി വന്നിരുന്നതായി പുറക്കാട് ബീച്ചിന് സമീപത്തെ കടക്കാർ പൊലീസിനോട് സംശയം പറഞ്ഞിരുന്നു. പെൺകുട്ടിക്കായി വ്യാപക തെരച്ചിലും നടത്തി. എന്നാൽ അത് മറ്റൊരു യുവാവും യുവതിയുമാണെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി.