പുത്തുമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

By Web TeamFirst Published Aug 18, 2019, 1:29 PM IST
Highlights

ദുരന്തം നടന്നതിന് ഒന്നര കിലോമീറ്റർ അകലെയാണ് മൃതദേഹം. ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇനി ആറ് പേരെയാണ് പുത്തുമലയിൽ നിന്ന് കണ്ടെത്താനുള്ളത്. 

വയനാട്: വൻ ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല. വിദഗ്‍ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചു വരികയാണ്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്. 

ഇനി ആറ് പേരെയാണ് പുത്തുമലയിൽ നിന്ന് കണ്ടെത്താനുള്ളത്. എൻഡിആർഎഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആദ്യം സന്നദ്ധപ്രവർത്തകരാണ് മൃതദേഹം കണ്ടത്. 

പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലിൽ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയിൽ ഉപയോഗിക്കുന്ന ജിപിആർ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. അത്യാധുനിക സംവിധാനമായ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് കവളപ്പാറയിൽ തെരച്ചിൽ നടത്തുന്നത്. 

അതേസമയം, കവളപ്പാറയിലടക്കം, ദുരിതബാധിതരെ ശാശ്വതമായി പുനരധിവസിപ്പിക്കുമെന്ന് ശനിയാഴ്ച സ്ഥലം സന്ദർശിച്ച മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. ദുരിതബാധിതരായ ആദിവാസികളെ  പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ  ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 

click me!