പേയിളകിയ പശുവിനെ വെടിവെച്ച് കൊന്നു

By Web TeamFirst Published Sep 15, 2022, 3:07 PM IST
Highlights

എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്‍റെ പശുവിനെയാണ് കൊന്നത്.

തൃശൂര്‍: പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലപ്പിള്ളി എച്ചിപ്പാറയിലാണ്  പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്‍റെ പശുവിനെയാണ് കൊന്നത്. പൊലീസിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും അനുമതിയോടെ വെടിവയ്ക്കാൻ തോക്കിന് ലൈസൻസുള്ളയാളാണ് വെടിവെച്ചത്. 

പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് കുറച്ചു ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു പശു. രാവിലെ ലക്ഷണങ്ങൾ കാണിച്ച് തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു . ഇതിനെ തുടർന്ന് പോലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചു. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആന്‍റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിയിലെ പാറു പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. ഈ സമയമത്രയും ഖാദറിന്‍റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിന്‍റെ നിർദേശമനുസരിച്ച് കുഴിച്ചിട്ടു.ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. മേഖലയിലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.  

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി വേണമെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് 

കൊല്ലം: അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ സർക്കാരിന്റെ അനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കായിരുന്നു. 

വന്ധ്യംകരിച്ച തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം തയ്യാറാക്കും കൊല്ലം ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുരുയോട്ടുമലയിലെ ഒന്നര ഏക്കർ ഭൂമിയിലാണ് സംരക്ഷണ കേന്ദ്രം ഒരുക്കുക. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള ആദ്യ കേന്ദ്രം നാളെ കൊട്ടിയത്ത് പ്രവർത്തനം തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

40 മുതൽ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷൻ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മെഗാ പദ്ധതി തുടങ്ങാനിരിക്കുമ്പോൾ ഈ ലക്ഷ്യത്തിലേക്കെത്തുന്നത് കണക്കാക്കാൻ കൃത്യമായ അടിസ്ഥാന കണക്കില്ലെന്നതാണ് വസ്തുത. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളർത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാൽ തെരുവുനായ്ക്കളുടെ യഥാർഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദർ ഒന്നടങ്കം പറയുന്നു.
 

click me!