
എടവണ്ണപ്പാറ: കാലം മാറിയാലും മുഹമ്മദ് കുട്ടിഷാക്ക് കുലുക്കമില്ല, തന്റെ റേഡിയോ വർക്ക് ഷോപ്പിൽ തിരക്കിലാണ് ഇദ്ദേഹം. 49 വർഷമായി റേഡിയോ നന്നാക്കി ഉപജീവനം നടത്തുകയാണ് ചീക്കോട് അടൂരപറമ്പിലെ കൊണ്ടേരി മുഹമ്മദ് കുട്ടിഷാ. ഇപ്പോഴും റേഡിയോ ഉപയോഗിക്കുന്നവരുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പ്രായമായവരും അല്ലാത്തവരും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റേഡിയോ റിപ്പയറിംഗിന് കുട്ടിഷായെ തേടിയെത്തുന്നുണ്ട്. മാവൂർ, അരീക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്ന് ഇദ്ദേഹത്തിന്റെ ബ്രോക്കർമാർ വഴിയാണ് റേഡിയോ എത്തുന്നത്. എടവണ്ണപ്പാറ എളമരം റോഡിലെ പഴയ കെട്ടിടത്തിന് മുകളിലാണ് കുട്ടീസിന്റെ കട. റൂം മുഴുവനും പഴയ റേഡിയോ, ടോർച്ച്, ഇസ്തിരിപ്പെട്ടി എന്നിവയാണ്.
ഇലക്ട്രോണിക് രംഗം മഹാവിസ്ഫോടനം തീർക്കുമ്പോഴും കുട്ടീസിന്റെ റൂമിലേക്ക് പ്രവേശിച്ചാൽ പഴയകാലം ഓർമകളിലെത്തും. 40 വർഷത്തോളമായി ഈ റൂമിലാണ് കുട്ടീസിന്റെ ജോലി. 1971ലാണ് ഇലക്ട്രോണിക്സ് രംഗത്തേക്ക് പ്രവേശിക്കുന്നത്. പുസ്തക പ്രിയനായ ഇദ്ദേഹം ആർ ജാനകി രാമൻ എഴുതിയ റേഡിയോ സർക്യൂട്ട് പുസ്തകം വായിച്ചതോടെയാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഈ പുസ്തകം അലമാരയിൽ ഇപ്പോഴും ഭദ്രമാണ്.
സ്വന്തമായി റേഡിയോ വാങ്ങി സ്വയം കേടുകൾ വരുത്തി പുസ്തകത്തിലെ സർക്യൂട്ട് പ്രകാരം നന്നാക്കിയാണ് ജോലിയിൽ പ്രാവീണ്യം നേടിയത്. പിന്നീട് സ്വന്തമായി റേഡിയോ നിർമിച്ചു. ഈ ആത്മവിശ്വാസം ജീവിതത്തിന് പുത്തൻ കരുത്തുനൽകി. സുഹൃത്തുക്കളുടെ പ്രേരണയാൽ 1976ൽ ലൈസൻസെടുത്ത് കട തുടങ്ങി. വയർലെസ് ഇൻസ്പെക്ടറാണ് കുട്ടീസ് എന്ന് പേരിട്ടത്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജോലി നിർത്താൻ തീരുമാനിച്ചെങ്കിലും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നിർബന്ധത്തിലാണ് ഇപ്പോഴും തുടരുന്നതെന്ന് കുട്ടീസ് പറയുന്നു. ഒരു പരസ്യവുമില്ലാതെ തന്നെ റേഡിയോ, ടോർച്ച്, ഇസ്തിരിപ്പെട്ടി ധാരാളമായി ഇവിടെ റിപ്പയറിംഗിന് എത്തുന്നുണ്ട്. ഇലക്ട്രോണിക് എഞ്ചിനിയറിംഗ് ബിരുദധാരികൾ ധാരാളമുണ്ടെങ്കിലും തൊഴിലിലെ പ്രാവീണ്യം കൊണ്ട് ശ്രദ്ധേയനായ കുട്ടീസ് പുതുതലമുറക്ക് മാതൃകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam