'ഫ്രീ തരുന്ന അരി വാങ്ങാൻ 250 രൂപ വണ്ടിക്കൂലി വേണം'; ചങ്ങാടം ഒഴുകിപ്പോയി, മറുകരയെത്തുന്നത് കിലോമീറ്ററുകൾ ചുറ്റി

Published : Jul 02, 2024, 10:19 AM IST
'ഫ്രീ തരുന്ന അരി വാങ്ങാൻ 250 രൂപ വണ്ടിക്കൂലി വേണം'; ചങ്ങാടം ഒഴുകിപ്പോയി, മറുകരയെത്തുന്നത് കിലോമീറ്ററുകൾ ചുറ്റി

Synopsis

നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയി. കോൺക്രീറ്റ് പാലം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം കേട്ടു മടുത്തതോടെ നാട്ടുകാർ തന്നെ മുളം ചങ്ങാടമുണ്ടാക്കി. മലവെള്ളപ്പാച്ചിലിൽ ചങ്ങാടം ഒഴുകിപ്പോയതോടെ ആറു കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണിവർ പുറംലോകത്തെത്തുന്നത്.

ഇടുക്കി: പെരിയാർ നദി മുറിച്ചു കടക്കാൻ ഇടുക്കി പൊരികണ്ണിയിലെ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മുളംചങ്ങാടം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതോടെ മറുകരയെത്താൻ ദുർഘട പാതയിലൂടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് ചപ്പാത്തിനു സമീപം പൊരികണ്ണിയിലെ 150 ഓളം കുടുംബങ്ങൾ.

പെരിയാറിനു കുറുകെയുണ്ടായിരുന്ന നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയി. കോൺക്രീറ്റ് പാലം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം കേട്ടു മടുത്തതോടെ നാട്ടുകാർ തന്നെ മുളം ചങ്ങാടമുണ്ടാക്കി. ജീവൻ പണയം വച്ചാണെങ്കിലും പെരിയാർ കടക്കാൻ ചങ്ങാടം ഇവർക്കൊരു ആശ്വാസമായിരുന്നു. ഇരുകരകളിൽ ഇരുമ്പു കമ്പിയിൽ ബന്ധിപ്പിച്ച കയർ വലിച്ചായിരുന്നു പുഴ കടന്നിരുന്നത്. കമ്പി തുരുമ്പെടുത്തതോടെ വെള്ളപ്പാച്ചിലിൽ ചങ്ങാടം ഒഴുകി പോയി. ഇതോടെ ആറു കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണിവർ പുറം ലോകത്തെത്തുന്നത്. ഇതാണ് ആലടിക്കക്കരെ പൊരികണ്ണിയിലെ ആളുകളുടെ ഇപ്പോഴത്തെ ദുരവസ്ഥ. 

"കുറേ വിദ്യാർത്ഥികളുണ്ട്, വയ്യാത്ത അമ്മമാരുണ്ട്, ജോലിക്ക് പോകുന്നവരുണ്ട്. സൌജന്യമായി കിട്ടുന്ന അരി പോലും 250 രൂപ വണ്ടിക്കൂലി കൊടുത്ത് പോയി വാങ്ങേണ്ട അവസ്ഥയാ. അതുകൊണ്ട് ഇത്തവണ റേഷൻ പോലും വാങ്ങിയിട്ടില്ല"- പ്രദേശവാസികൾ പറഞ്ഞു. ആലടിയിൽ പാലം പണിയാൻ ഒൻപതു കോടി അനുവദിച്ചതായി മൂന്ന് വർഷം മുമ്പ് ഫ്ലക്സ് സ്ഥാപിച്ചു. പിന്നെ ആരെയും പരിസരത്ത് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.  

പൊരികണ്ണിയിൽ നിന്ന് ചപ്പാത്തിലേക്കും ഉപ്പുതറയിലേക്കുമുള്ള റോഡുകൾ തകർന്നു കിടക്കുകയാണ്. അതിനാൽ വാഹനങ്ങൾ കൊണ്ടു വരാൻ ഡ്രൈവർമാർ മടിക്കുന്നു. ചെളി പുതഞ്ഞു കിടക്കുന്ന റോഡിൻറെ ഭാഗത്ത് കാൽ നടയാത്രക്കാരും ഇരുചക്ര വാഹനത്തിൽ പോകുന്നവരും തെന്നിവീഴുന്നത് പതിവു കാഴ്ചയാണ്. 

അതിർത്തി കടന്ന് ആനയെത്തുന്നു; വനപാലകരും പഞ്ചായത്തും കൈയൊഴിഞ്ഞപ്പോൾ നാട്ടുകാരൊന്നിച്ച് കിടങ്ങ് തീർത്തു
 

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ