നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ കാഞ്ചിയാറിൽ നിന്നും 3 കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് മാറിയുള്ള വനാതിർത്തിയിലുള്ള ജനവാസ മേഖലയിലാണ് കിടങ്ങു നിർമാണം നടത്തുന്നത്. 

ഇടുക്കി: പഞ്ചായത്തിനോടും വനപാലകരോടും പറഞ്ഞു മടുത്തപ്പോൾ നാട്ടുകാർ ഒന്നിച്ച് ആനശല്യത്തിനെതിരെ കിടങ്ങ് തീർത്തു. വനമേഖലയോടു ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള ആനകളുടെ കടന്നു വരവിനും നാശം വിതയ്ക്കുന്നതിനും അറുതി വരുത്തുന്നതിനാണ് അതിർത്തിയിലെ താമസക്കാരായ നാട്ടുകാർ ഒന്നിച്ച് ജനകീയ കിടങ്ങ് നിർമ്മാണം നടത്തുന്നത്. നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ കാഞ്ചിയാറിൽ നിന്നും 3 കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് മാറിയുള്ള വനാതിർത്തിയിലുള്ള ജനവാസ മേഖലയിലാണ് കിടങ്ങു നിർമാണം നടത്തുന്നത്. 

കാഞ്ചിയാർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ വനമേഖലയോടു ചേർന്നു കിടക്കുന്ന പുതിയ പാലം, കാവടി കവല തുടങ്ങിയ ഇടങ്ങളിലാണ് കിടങ്ങ് നിർമ്മിച്ച് ആനകളെ പ്രതിരോധിക്കുവാനൊരുങ്ങുന്നത്. കാവടി കവല ഭാഗത്ത് 400 മീറ്റർ നീളത്തിലും പുതിയ പാലം ഭാഗത്ത് 1400 മീറ്റർ നീളത്തിലുമാണ് കിടങ്ങു നിർമ്മാണം നടക്കുന്നത് കിടങ്ങിന്‍റെ ആഴം 12 മീറ്ററാണ്. ഹിറ്റാച്ചി ഉപയോഗിച്ചു നടത്തുന്ന നിർമ്മാണ പ്രവൃത്തിക്കാവശ്യമായ മുഴുവൻ തുകയും വഹിക്കുന്നത് അതിർത്തിയിലെ താമസക്കാരായ കർഷകർ തന്നെയാണ്.

400 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ആനയുടെ ശല്യം ഏറ്റവും അധികം ബാധിക്കുന്നത് 150 ഓളം കുടുംബങ്ങളെയാണ്. 43 വർഷം മുമ്പ് ആനശല്യം രൂക്ഷമായിരുന്ന കാലത്ത് മനുഷ്യാധ്വാനത്തിലൂടെ ഇവിടെ കിടങ്ങ് നിർമ്മിച്ചിരുന്നു. ജോലിക്കുകൂലി ഭക്ഷണം എന്ന അടിസ്ഥാനത്തിലായിരുന്നു അന്നത്തെ കിടങ്ങു നിർമ്മാണം. അന്ന് ജോലി ചെയ്തിരുന്നവർക്ക് മൈദ, ഡാൽഡ തുടങ്ങി സാധനങ്ങൾ സൗജന്യമായി എത്തിച്ചു നൽകി ഉടുമ്പൻചോല പള്ളി കമ്മിറ്റിയും കിടങ്ങു നിർമ്മാണത്തിൽ പങ്കാളികളായി.
കാലപ്പഴക്കത്താൽ അന്നുണ്ടായിരുന്ന കിടങ്ങ്, കാട് മൂടിയും മണ്ണ് നികന്നും മൂടി പോവുകയായിരുന്നു. അന്ന് കിടങ്ങ് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തേയും കിടങ്ങു നിർമ്മാണം നടക്കുന്നത്.

ചക്ക സീസൺ ആരംഭിച്ചപ്പോൾ മുതൽ ഇവിടെ കാട്ടാന അതിക്രമണവും ആരംഭിച്ചു. വിവരം കാഞ്ചിയാർ ഫോറസ്റ്റ് അധികൃതരേയും ഗ്രാമപഞ്ചായത്തിനേയും അറിയിച്ചെങ്കിലും ഒരിടപെടലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് കിടങ്ങ് നിർമിക്കുന്നത്.

സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക 'പൊലീസ് സൈക്കിളി'ൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം