ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്. പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയിൽ എത്തിയിരുന്നു. ഇവിടെവെച്ചാണ് ഭാര്യയെ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കിയത്.

കൊച്ചി: സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ച് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയിൽ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ഈ സമയം സുഹൃത്തുക്കൾ ആരും മുറിയിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ടാണ് കൃഷ്ണ കൊർവ ജോലി ചെയ്തിരുന്നത്. ഭാര്യ ഫുൽജൻസിയ കൊർവ അരൂർ വ്യവസായ മേഖലയിലെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഗസ്റ്റ് ഹൗസിലാണ് താമസം. 

ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്. പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയിൽ എത്തിയിരുന്നു. വീഡിയോ കോളിൽ ഭർത്താവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് അരൂർ അഗ്നിരക്ഷാ സേനയെത്തി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല. അരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)