
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ ഐപിഎസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഹിന്ദു പാർലമെന്റ് നേതാവ് രാഹുൽ ഈശ്വർ രംഗത്ത്. കേരളത്തിൽ 'ലവ് ജിഹാദ്' നടക്കുന്നുണ്ടെന്ന ശ്രീലേഖയുടെ പ്രസ്താവന മതസൗഹാർദ്ദം തകർക്കാനേ ഉപകരിക്കൂ എന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പത്ത് വോട്ടിന് വേണ്ടി നാടിന്റെ ഐക്യം ബലികഴിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശാസ്തമംഗലത്ത് നടന്ന ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിലായിരുന്നു മുൻ ഡിജിപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിൽ ലവ് ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടയ്ക്കുകയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതെന്നും ശ്രീലേഖ ആരോപിച്ചു. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും രാഷ്ട്രീയ അനുമതിയില്ലാതെ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മന്ത്രിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പോലും സർക്കാർ നടപടിയെടുത്തില്ലെന്നും ശ്രീലേഖ തുറന്നടിച്ചു.
ശ്രീലേഖയുടെ ആരോപണങ്ങളെ 'വാട്സാപ്പ് യൂണിവേഴ്സിറ്റി വ്യാജ പ്രചാരണം' എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ലവ് ജിഹാദ് എന്ന വാദം സുപ്രീം കോടതിയും എൻഐഎയും തള്ളിക്കളഞ്ഞതാണ്. കേരളത്തിന്റെ 'കിരൺ ബേദി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങളുമായി മുന്നോട്ട് പോകരുതെന്ന് മുൻപ് ബിജെപി നേതാവായിരുന്ന ഇ ശ്രീധരൻ തന്നെ ഉപദേശിച്ചിട്ടുള്ള കാര്യം രാഹുൽ ഓർമ്മിപ്പിച്ചു. ഹിന്ദു സമൂഹത്തിനിടയിലെ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യാ തളർച്ച തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മുസ്ലീം സഹോദരങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam