'കർണാടകയിൽ തോറ്റതോ തോൽപിക്കപ്പെട്ടതോ? ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട്'; വോട്ട് മോഷണത്തിനെതിരെ റാലിയുമായി രാഹുൽ ​ഗാന്ധി

Published : Aug 08, 2025, 01:06 PM IST
rahul gandhi

Synopsis

വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.

ദില്ലി: വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ​ഗാന്ധി സംസാരിച്ചത്. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയിൽ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും രാ​ഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു. മഹാരാഷ്ട്ര ലോക്സഭയിൽ കോൺ​ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയത് നമ്മൾ കണ്ടു. നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. ലോക്സഭയിൽ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകൾ നിയമസഭയിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി.

നമ്മുടെ സഖ്യത്തിന് വോട്ട് കുറഞ്ഞില്ല. ലോക്സഭയിലും നിയമസഭയിലും ഒരേ ശതമാനം വോട്ട് കിട്ടി. പുതുതായി വോട്ട് ചെയ്തവർ അത്ഭുതകരമായി ബിജെപിക്ക് വോട്ട് ചെയ്തു. അന്ന് തന്നെ ഇതിൽ ക്രമക്കേട് ഉണ്ടെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും രാഹുൽ ​ഗാന്ധി. കർണാടകയിൽ 16 സീറ്റെങ്കിലും കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ജയിച്ചത് 9 എണ്ണത്തിൽ മാത്രമാണ്. ഞങ്ങൾ തോറ്റതോ തോൽപിക്കപ്പെട്ടതോയെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. ബൂത്തുകളിലെ സിസിടിവി ദൃശ്യം ചോദിച്ചു, സോഫ്റ്റ് കോപ്പി ആയി രേഖകൾ ചോദിച്ചു, കിട്ടിയില്ലെന്നും രാഹുൽ ​ഗാന്ധി വെളിപ്പെടുത്തി.

ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ ​ഗാന്ധി ആവർത്തിച്ചു. ബംഗലൂരു സെൻട്രൽ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നു. ഇരട്ട വോട്ടുകൾ, ഇല്ലാത്ത മേൽവിലാസം, ഒറ്റ വിലാസത്തിൽ നൂറിലധികം വോട്ടർമാർ, വാലിഡ് അല്ലാത്ത ഫോട്ടോകൾ, ഫോം 6- ൻ്റെ ദുരുപയോഗം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണങ്ങൾ ആവർത്തിച്ചത്. ഒരേ ആൾ കർണാടകയിൽ വോട്ട് ചെയ്ത പിന്നാലെ യുപിയിൽ പോയി വോട്ട് ചെയ്യുമോയെന്നും രാഹുൽ ചോദിച്ചു.

ഇവിടെ ഒക്കെ വോട്ടുള്ള ആളുകളെ ഞങ്ങൾ പട്ടികയിൽ കണ്ടു. എന്നോട് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെടുന്നു. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളാണ് താനെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ തെര കമ്മീഷൻ വെബ്സൈറ്റ് പൂട്ടി. രാജ്യത്തെ മൊത്തം വോട്ടർ പട്ടിക ഇ കോപ്പി തരണമെന്നും രാഹുൽ ​ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അങ്ങനെ എങ്കിൽ ഒറ്റ സീറ്റിൽ അല്ല, രാജ്യത്ത് എങ്ങും ഇത്തരം വോട്ട് കൊള്ള നടന്നു എന്ന് തെളിയിക്കാമെന്ന് രാഹുൽ പറഞ്ഞു.

ഇത് രാജ്യത്തെ സാധാരണക്കാരുടെ അവകാശത്തിൻ മേലുള്ള ആക്രമണമാണ്. ഓരോരോ സീറ്റിലും നമ്മൾ അന്വേഷണം നടത്തും. നിങ്ങൾ ഞങ്ങൾ ജനങ്ങളുടെ അവകാശത്തിന് മേൽ കടന്ന് കയറിയാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല. ബൂത്തുകളിലേ വീഡിയോ ദൃശ്യവും വോട്ടർ പട്ടികയുടെ സോഫ്റ്റ് കോപ്പികളും തരണം. ഞങ്ങൾ ഇത് ഒറ്റ മണ്ഡലത്തിൽ അല്ലെന്ന് തെളിയിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ഓരോരോ പേരും ഒരോ ചിത്രവും ഇരുന്ന് പരിശോധിച്ചാണ് ബംഗലൂരു മണ്ഡലത്തിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഓരോ രേഖയും നശിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവാണ് നശിപ്പിച്ചത്. കടലാസിൽ ഉള്ള ഒരു സീറ്റിൻ്റെ വിവരം പരിശോധിക്കാൻ ഞങ്ങൾക്ക് ആറ് മാസം വേണ്ടി വന്നു. ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കില്ല. ഇത് താൻ മാത്രമല്ല, ലോക്സഭയിലെ ഓരോ പ്രതിപക്ഷ പാർട്ടിയും ചോദിക്കുകയാണ്. 'കർണാടക സർക്കാർ ഇത് അന്വേഷിക്കണമെന്നും വേദിയിൽ മുഖ്യമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടു. 

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു