
കൊച്ചി: കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടി. കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവരും തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോട്ടയം സ്വദേശിയായ സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്.
വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനോട് ചേർന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണോ എന്ന് സംശയത്തിൽ പരിശോധന നടത്തി. എന്നാൽ ട്രെയിൻ തട്ടി മരിച്ചതിന്റെ പരിക്കുകൾ അല്ല മൃതദേഹത്തിൽ കണ്ടത്. മുഖത്ത് അടിച്ചതിന്റെ പാടുകളും ശരീരത്തിൽ രക്തക്കറയും കണ്ടതോടെ കൊലപാതകം എന്ന സംശയമായി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പൊലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈൽ ഫോണിന്‍റെ സിം വിശദാംശങ്ങൾ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയിലേക്ക് പൊലീസിനെ എത്തിച്ചു. ഏകദേശം 35 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളാനാണ് കൊലപാതകി ശ്രമിച്ചത്. ട്രെയിനിന് മുന്നിൽ ചാടിയുള്ള ആത്മഹത്യയെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാകുമെന്നും പ്രതി കരുതിയിരിക്കാം. എന്നാൽ എറണാകുളം കോട്ടയം ട്രാക്കിന്റെ സർവ്വീസ് ഇല്ലാത്ത ഉപയോഗിക്കാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം പ്രതി ഉപേക്ഷിച്ചത്. ഇതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് യുവതിക്കൊപ്പം മറ്റൊരാൾ പോകുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരട് പൊലീസ്, കൊലപാതകിയായ ഷാജിയെ കണ്ടെത്തിയത്. കൊച്ചി വൈറ്റില മേൽപ്പാലത്തിന് തൊട്ട് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സ്ഥാപനങ്ങൾ സമീപത്തുണ്ടെങ്കിലും രാത്രിയായാൽ വെളിച്ചമില്ലാത്ത ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam