
കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് തീവണ്ടികളില്‍ നിര്‍ത്തലാക്കിയ ജനറല്‍ ടിക്കറ്റ് സംവിധാനം വീണ്ടും തുടങ്ങണമെന്ന് യാത്രക്കാര്‍. ഹ്രസ്വദൂര യാത്രക്ക് പോലും ടിക്കറ്റ് റിസർവ് ചെയ്യേണ്ടത് ഏറെ സാമ്പത്തിക ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ഓഫീസുകള്‍ സാധാരണ നിലയിലായതോടെ സീസണ്‍ ടിക്കറ്റുകാരുടെ യാത്രയും കഷ്ടത്തിലാണ്.
പ്രസാദിന്‍റെ മാത്രമല്ല, ട്രെയിനിൽ യാത്ര ചെയ്യുന്ന പലരുടെയും പ്രശ്നമാണിത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒഴിവാക്കിയ ജനറൽ കംമ്പാർട്ട്മെന്‍റുകൾ റെയിൽ വീണ്ടും തുടങ്ങാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നേരത്തെ ജനറൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തവർ അതേ സ്ഥലത്തേക്ക് തന്നെ 30 രൂപ വരെ അധികം നൽകണം. ചെറിയ ദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്.
മാത്രവുമല്ല, പെട്ടെന്ന് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ടിക്കറ്റ് റിസർവ് ചെയ്യണം എന്നത് ബുദ്ധിമുട്ടാണെന്നും യാത്രക്കാർ പറയുന്നു. പാസഞ്ചർ ട്രെയിനുകൾ എത്രയും വേഗം സര്‍വ്വീസ് തുടങ്ങണം, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കംമ്പാർട്ട്മെന്‍റ് അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ തീവണ്ടികളില്‍ ജനറൽ സീറ്റുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ റെയിൽവെ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളത്തിലെ കൊവിഡ് സ്ഥിതി പാസഞ്ചർ സർവീസുകൾ തുടങ്ങാൻ അനുയോജ്യമല്ലെന്നാണ് ദക്ഷിണ റെയിൽവെ മാനേജർ ജോൺ തോമസ് അറിയിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam