മഴ കൂടുതല്‍ ശക്തമാവുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു, അഞ്ച് ജില്ലകളില്‍ യെല്ലോ അലെർട്ട്

Published : Oct 12, 2023, 05:31 PM IST
മഴ കൂടുതല്‍ ശക്തമാവുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു, അഞ്ച് ജില്ലകളില്‍ യെല്ലോ അലെർട്ട്

Synopsis

നിലവില്‍ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കർണാടക മുതൽ കന്യാകുമാരി തീരം വരെ ന്യൂനമർദ്ദ പാത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വൈകുന്നേരം നാല് മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കർണാടക മുതൽ കന്യാകുമാരി തീരം വരെ ന്യൂനമർദ്ദ പാത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും നിലവില്‍ മഴ തുടരുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യം അനുസരിച്ച് കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാലാണ് തെക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലെര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലെര്‍ട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read also: 'ഓപ്പറേഷന്‍ അജയ്', ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും, കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം

അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും അറിയിപ്പിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു