ഉപജീനത്തിന് കൊവിഡ് ലോക്കിട്ടു; ട്യൂഷൻ ടീച്ചറുടെ വേഷം പരീക്ഷിക്കാൻ റമീസ

By Web TeamFirst Published Jun 18, 2021, 7:43 PM IST
Highlights

മാസങ്ങൾക്ക് മുൻപ് നഗരത്തിലെ സഞ്ചരിക്കുന്ന ഓൺലൈൻ മുട്ടക്കച്ചവടക്കാരി റമീസ എന്ന പാരലല്‍ കോളജ് അധ്യാപികയുടെ കഥ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ആലപ്പുഴ: മാസങ്ങൾക്ക് മുൻപ് നഗരത്തിലെ സഞ്ചരിക്കുന്ന ഓൺലൈൻ മുട്ടക്കച്ചവടക്കാരി റമീസ എന്ന പാരലല്‍ കോളജ് അധ്യാപികയുടെ കഥ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് ആ അധ്വാനത്തിന്റെ കഥയാണ് വാർത്തയിൽ ഇടം പിടിച്ചതെങ്കിൽ, കൊവിഡ് നിയന്ത്രണങ്ങളിൽ  കച്ചവടം വീണ്ടും ലോക്കായ കഥയാണ് ഇപ്പോൾ റമീസയ്ക്ക് പറയാനുള്ളത്.

ടൂവീലർ വാഹനത്തിൽ മുട്ട കൊണ്ടുപോയി വിൽപന നടത്തിയ പ്രദേശങ്ങളെല്ലാം തന്നെ നിയന്ത്രണം കടുത്തതോടെ റമീസയ്ക്ക് ജീവിതത്തിന്റെ  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പുതിയ വേഷമണിയേണ്ടി വന്നു. പുതിയ കാലത്ത്  ട്യൂഷൻ അധ്യാപനത്തിലേക്ക് തിരിയുകയാണ് റമീസ. 

കുതിരപ്പന്തി വാർഡിൽ മാസം 4000 രൂപ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുൻപിൽ ട്യൂഷൻ ബോർഡുയർന്നുകഴിഞ്ഞു. ഒന്നു മുതൽ പ്ലസ്ടു വരെ ട്യൂഷ ൻ എടുക്കും. പ്ലസ് വൺ, പ്ലസ്ടു, വിന്  എല്ലാ വിഷയങ്ങൾക്കും ട്യൂഷനെടുക്കുമെന്ന്  റമീസയുടെ ബോർഡിൽ പറയുന്നു.

ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള റമീസ കുടുംബം പുലർത്താൻ മുട്ടക്കച്ചവടത്തിനിറങ്ങിയ  മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വാർത്തയായിരുന്നു. റമീസയുടെ ഭർത്താവ് ഷാനു ഹോട്ടൽ ജീവനക്കാരനാണ്. 

എക്സൈസ് പ്രിവന്റീവ് പരീക്ഷ പാസായി കായികക്ഷമതാ പരീക്ഷയ്ക്ക് പിഎസ്സി യിൽ നിന്നും അറിയിപ്പു ലഭിച്ചപ്പോൾ ഗർഭിണിയായ കാരണത്താൽ ജോലി നഷ്ടമായതിന്റെ കഥയും  റമീസ ഓർക്കുന്നു. ഭർത്താവിനും വരുമാനമില്ലാതായതോട വീട്ടുവാടക നൽകാനും പട്ടിണിയില്ലാതെ കഴിയാനും താൻ വളരെയേറെ കഷ്ട്ടപ്പെടുകയാണെന്ന് റമീസ പറയുന്നു.  കൊവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസ് ആണ് എല്ലായിടത്തും അതുകൊണ്ട് ട്യൂഷൻ സ്ഥാപനത്തിന്റെ വിജയത്തെ കുറിച്ച് ഒന്നും പറയാനാവില്ലെന്ന് റമീസ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!