2 ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങൾ; ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല, 'പിണറായി സർക്കാർ ജനവഞ്ചന നടത്തുന്നു'

Published : Jan 25, 2026, 02:15 PM IST
Ramesh Chennithala

Synopsis

 പി.എസ്.സിയെ അവഗണിച്ച് പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി നടത്തുന്ന ഈ പിന്‍വാതില്‍ നിയമനങ്ങള്‍ യോഗ്യരായ യുവജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അനര്‍ട്ടിലെ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ നിരത്തിയാണ് ചെന്നിത്തലയുടെ ഈ ആരോപണം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ കേരളസര്‍ക്കാരിന്റെ അധീനതയിലുള്ള വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ കേരളത്തിലെ യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണ്.

സംസ്ഥാന വൈദ്യുത മന്ത്രാലത്തിന് കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സിഎഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഒടുവിലെ സംഭവം. കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ ആരോപണവിധേയനായി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ സിഇഒയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിച്ചത്. അനര്‍ട്ടിലെ നിയമനങ്ങളില്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന 2021 ലെ ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് അവിടെ കാര്യങ്ങള്‍ നടന്നത്. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനവില്‍ കരാര്‍ പുതുക്കി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്‌ളോയ്‌മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചിരിക്കുകയാണ്.

എംപ്‌ളോയ്‌മെന്റ് വഴി ആളെ എടുക്കണമെന്ന നിയമത്തിന് വിരുദ്ധമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് വഴി പുതുതായി വീണ്ടും കരാര്‍ ജീവനക്കാരെ എടുക്കാന്‍ അനര്‍ട്ട് പത്രപരസ്യവും നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണമായും ചട്ടവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ഇത് അനര്‍ട്ടില്‍ മാത്രമല്ല, നിരവധി സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടെ, ഭരണഘടനാവിരുദ്ധമായി രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസ് നടത്തിയ പരിശോധനയിലാണ് ഈ ചട്ടലംഘനം തെളിഞ്ഞത്.

കേരളത്തില്‍ വര്‍ഷം 33000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍ കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകള്‍ എല്ലാ വര്‍ഷവും സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി വീതം വെച്ചു കൊടുക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ ഒഴിവുകളിലും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമനം വേണമെന്നാണ് ചട്ടം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റിയത്. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനു മുമ്പ് ഇവരെ പരമാവധി പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. കേരളത്തിലെ യോഗ്യരായ യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഈ പരിപാടി ഉടന്‍ നിര്‍ത്തി വെയ്ക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിമാന നിമിഷം! ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി; കര്‍ത്തവ്യപഥത്തിൽ നൃത്തം അവതരിപ്പിക്കാൻ അഭിരാമി
കൂടൊന്നും വേണ്ട, ഇത്തവണ തിടപ്പള്ളിയാകട്ടെ!, മലപ്പുറത്തെ അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും കരടിയുടെ ആക്രമണം, തിടപ്പള്ളി തകര്‍ത്തു