വിള്ളൽ കണ്ടെത്തിയ സംഭവം: റാന്നി പുതുമൺ പാലം പൊളിച്ച് പുതിയത് നിർമ്മിക്കും

By Web TeamFirst Published Jan 28, 2023, 7:07 PM IST
Highlights

കോഴഞ്ചേരി റാന്നി റോഡിൽ പെരുന്തോടിന് കുറുകെയുള്ള പുതമൺ പാലത്തിന് എഴുപത് വർഷത്തോളം പഴക്കമുണ്ട്. റോഡ് വികസനത്തിന് പിന്നാലെ 2018 ൽ പാലത്തിന്റെ ഇരു വശത്തേക്കും വീതി കൂട്ടിയിരുന്നു

പത്തനംതിട്ട: കോൺക്രീറ്റ് സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയ റാന്നി പുതമൺ പാലം പൂർണമായും പൊളിച്ചു നീക്കും. പാലത്തിൽ പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയർ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. പുതിയ പാലത്തിനായി വേഗത്തിൽ സ്ഥല പരിശോധന നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ആലോചിക്കുന്നത്. പുതിയ പാലം അനിവാര്യമാണെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു. എത്രയും വേഗത്തിൽ തന്നെ ഇതിനായുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴഞ്ചേരി റാന്നി റോഡിൽ പെരുന്തോടിന് കുറുകെയുള്ള പുതമൺ പാലത്തിന് എഴുപത് വർഷത്തോളം പഴക്കമുണ്ട്. റോഡ് വികസനത്തിന് പിന്നാലെ 2018 ൽ പാലത്തിന്റെ ഇരു വശത്തേക്കും വീതി കൂട്ടിയിരുന്നു. എന്നാൽ പഴയ കോൺക്രീറ്റ് തൂണുകളിലോ സ്ലാബുകളിലോ അറ്റകുറ്റപണികൾ നടത്തിയില്ല. കഴിഞ്ഞ ദിവസം കോൺക്രീറ്റ് സ്ലാബുകൾക്ക് വിള്ളൽ വീണു. കോൺക്രീറ്റ് സ്ലാബുകൾക്ക് താഴെയുള്ള പഴയ തൂണുകൾ തകർന്നതാണ് വിള്ളൽ വീഴാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയർ ഡി അശോക് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇതിൽ പാലത്തിൽ കൂടുതൽ ഇടങ്ങളിൽ വിള്ളൽ കണ്ടെത്തുകയും ചെയ്തു.

അപകട സാധ്യത മുൻനിർത്തി പാലത്തിൽ ഗതാഗതം ഇപ്പോൾ ഭാഗികമായി നിരോധിച്ചിട്ടുണ്ട്. പാലത്തിന്റെ നടുവിൽ ബാരിക്കേട് കെട്ടി തിരിച്ചിട്ടുണ്ട്. ഈ ബാരിക്കേഡിന്റെ വശങ്ങളിലൂടെ ഇരുചക്ര വാഹനങ്ങളെ മാത്രം കടത്തിവിടുന്നുണ്ട്. കാറുകളും ബസുകളുമടക്കം വലിയ വാഹനങ്ങൾ പാലം അടച്ചതോടെ പത്ത് കിലോമീറ്ററോളം ചുറ്റിയാണ് യാത്ര തുടരുന്നത്. അടുത്ത മാസം ചെറുകോൽപ്പുഴ മാരാമൺ കൺവൻഷനുകൾ നടക്കുന്നുണ്ട്. ഇതിനായി ഇവിടേക്ക് എത്തുന്നവർക്ക് പാലം ഇല്ലാത്തത് വലിയ പ്രതിസന്ധിയാകും.

click me!