പതിനാറുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ എസ്ഐ രണ്ട് വർഷത്തിന് ശേഷം പിടിയില്‍

By Web TeamFirst Published Jul 28, 2018, 9:42 AM IST
Highlights

അറസ്റ്റിലായത് പുന്നപ്ര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ

ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന എസ്ഐയെ രണ്ട് വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോൻ (55)നെയാണ് ഡിവൈഎസ്‍പി ബി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2016, ആഗസ്റ്റ് ആദ്യ വാരമായിരുന്നു കേസിന് ആസ്പദമായ സംഭവം. 

ഒരു കേസിനെ കുറിച്ച് സംസാരാരിക്കാനെന്ന വ്യാജേന ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലേക്ക് സന്ധ്യയ്ക്ക് പെണ്‍കുട്ടിയെ വിളിച്ച് വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.  തുടർന്ന് പെൺകുട്ടി ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി സാം മോനിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരിന്നു. പിന്നീട് പെൺകുട്ടി നൽകിയ പരാതിയില്‍ സാം മോനെതിരെ പുന്നപ്ര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തങ്കിലും ഇയാൾ ഒളിവിൽ പോയി. ഹൈക്കോടതിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ജാമ്യ അപേക്ഷ തള്ളിയതോടെ ഇയാള്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. 

ജൂലൈ 27ന് രാവിലെ 11 ഓടെ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപത്തുള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങവെയാണ് സാം മോൻ അറസ്റ്റിലാകുന്നത്.  അറസ്റ്റിനെ തുടർന്ന് ഒരു വർഷം ബാക്കി നിൽക്കെ സർവീസിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടതായി ആഭ്യന്തിരവകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി.  പെണ്‍കുട്ടിയുടെ കുടുംബവും പ്രദേശവാസികളും തമ്മിൽ നിലനിന്നിരുന്ന വഴക്കില്‍ ഇവര്‍ പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനയാണ് അന്ന് ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയത്. സംഭവത്തിന് ശേഷം മാനസിക വിഭ്രാന്തി അനുഭവപ്പെട്ട പെണ്‍കുട്ടി ഒരു മാസക്കാലം ചികിത്സ തേടിയിരുന്നു. 


 

click me!