
പാലക്കാട്: പട്ടാമ്പിയിൽ പശു ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് കൗതുകക്കാഴ്ചയായി. വളരെ അത്യപൂർവ്വമായി മത്രമേ പശു ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുള്ളൂ. പട്ടാമ്പി കൊടലൂർ സ്വദേശിനി ചിറ്റാണിപ്പാറ വീട്ടിൽ അനിതയുടെ വീട്ടിലെ പശുവാണ് രണ്ട് കുട്ടികളെ പ്രസവിച്ചത്. രണ്ടായിരത്തിൽ ഒന്ന് എന്ന അനുപാതത്തിൽ വളരെ അപൂർവ്വമായി മാത്രമേ പശു ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുള്ളൂവെന്ന് തൃത്താല ബ്ലോക്ക് എമർജൻസി വെറ്റിനറി സർജൻ ഡോക്ടർ സംഗീത് പറഞ്ഞു. ഡോക്ടർ സംഗീത് തന്നെയാണ് പശുവിൻ്റെ അപൂർവ്വ പ്രസവത്തിന് കാവലും കരുതലുമായത്. രണ്ട് പെൺ പശുക്കുഞ്ഞുങ്ങൾക്കാണ് അമ്മപ്പശു ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത്. ഇതോടെ ഏറെ സന്തോഷത്തിലാണ് കർഷകയായ അനിതയും കുടുംബവും.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ തന്നെ അമ്മപ്പശു പ്രസവ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. രണ്ട് കുട്ടികൾ ഉള്ളതിനാലും കുട്ടികൾ സ്ഥാനം മാറി കിടന്നിരുന്നതിനാലും മണിക്കൂറുകൾ പിന്നിട്ടിട്ടും പശുവിന് പ്രസവിക്കാനായിരുന്നില്ല. നരവധി വെറ്റിനറി ഡോക്ടർമാരുടെ സേവനം വീട്ടുകാർ തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് രാത്രി പതിനൊന്ന് മണിയോടെയാണ് ഡോ സംഗീതിന് അനിതയുടെ വിളിയെത്തുന്നത്. ഉടൻ തന്നെ ശക്തമായ മഴയെ പോലും അവഗണിച്ച് 30 കിലോമീറ്ററിലധികം ദൂരത്ത് നിന്നും ഡോക്ടർ സംഗീത് എത്തുകയും ആവശ്യമായ ചികിത്സകൾ ചെയ്ത ശേഷം രണ്ട് പശുക്കുഞ്ഞുങ്ങളേയും പുറത്തെത്തിക്കുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അമ്മപ്പശുവിനും കുഞ്ഞുങ്ങൾക്കും അപകടം വരാതെ രണ്ട് കിടാങ്ങളേയും പുറത്തെടുക്കാനായതെന്ന് ഡോക്ടർ സംഗീത് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam