ബസിൽ കുഴഞ്ഞുവീണ സഹയാത്രികനെ രക്ഷിക്കാൻ ഓടി നടന്ന തൃശൂരിലെ ഡോക്ടറുടെ കഥ!

Published : Jul 01, 2023, 08:04 PM IST
 ബസിൽ കുഴഞ്ഞുവീണ സഹയാത്രികനെ രക്ഷിക്കാൻ ഓടി നടന്ന തൃശൂരിലെ ഡോക്ടറുടെ കഥ!

Synopsis

ഡോക്ടേഴ്സ് ദിനത്തില്‍ ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണ സഹയാത്രികനെ രക്ഷിക്കാൻ ഓടി നടന്ന ഒരു ഡോക്ടറുടെ കഥ

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു മാതൃകാ പ്രവര്‍ത്തനം. ബസില്‍ വച്ച് അപരിചിതനായ ഒരാള്‍ കുഴഞ്ഞ് വീണപ്പോള്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ച് ജീവന്‍ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഇന്‍ഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ.ആര്‍. രാജേഷ്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഡോ. രാജേഷ് ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് രാവിലെ വന്നത് സ്വകാര്യ ബസിലായിരുന്നു. ബസ് അശ്വിനി ഹോസ്പിറ്റല്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ ബസില്‍ കുഴഞ്ഞുവീണു. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു. ഉടന്‍ തന്നെ ഡോ. രാജേഷ് മുന്നോട്ട് വന്ന് രോഗിയുടെ പള്‍സ് ഉള്‍പ്പെടെ പരിശോധിച്ചു. പരിശോധനയില്‍ രോഗി കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് മനസിലായി. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എത്രയും വേഗം രോഗിയെ തൊട്ടടുത്തുള്ള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. 

യാത്രക്കാരെ ഇറക്കി ഡോക്ടറോടൊപ്പം ഡ്രൈവറും, കണ്ടക്ടറും, രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവും ചേര്‍ന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പള്‍സ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടര്‍ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കി. ഡ്യൂട്ടി ആര്‍എംഒയും മറ്റ് ഡോക്ടര്‍മാരും സഹായവുമായെത്തി.

രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അപ്പോഴേക്കും രോഗിയ്ക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലന്‍സില്‍ കയറ്റി ഡോക്ടര്‍ തന്നെ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ച് കൂടുതല്‍ വിദഗ്ധ ചികിത്സ നല്‍കി.

Read more: ഇനി ശരിക്കും 'ഫാസ്റ്റ്' ആകും, കെഎസ്ആർടിസി സ്വിഫ്റ്റും സൂപ്പർ ഫാസ്റ്റും ! 

ചേര്‍പ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടര്‍ തുണയായത്. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. കൃത്യസമയത്ത് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചത് കാരണമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായത്. ഒപ്പം ബസ് ജീവനക്കാരുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. നിഷ എം. ദാസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലം ഫാസ്റ്റിൽ യുവതിയുടെ അടുത്തിരുന്ന് യാത്രക്കാരന്‍റെ ശല്യം, ബഹളംവെച്ചതോടെ യാത്രക്കാർ തടഞ്ഞുവെച്ചു; 54കാരൻ അറസ്റ്റിൽ
വരിക്കാശ്ശേരി മനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം