'ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ എന്നെയെങ്ങനെ പൊക്കി', തൃശൂരിലെ കള്ളൻ പൊലീസിനോട്, സിനിമ പോലെ ഈ മോഷണ കഥ!

Published : Aug 13, 2023, 09:04 PM IST
'ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ എന്നെയെങ്ങനെ പൊക്കി', തൃശൂരിലെ കള്ളൻ പൊലീസിനോട്,  സിനിമ പോലെ ഈ മോഷണ കഥ!

Synopsis

കൃത്യമായ തയ്യാറെടുപ്പ്, പലവിധ വേഷങ്ങള്‍, തുടര്‍ന്ന് മോഷണം,എല്ലാവരേയും 'വട്ടം' കറക്കി.: എന്നിട്ടും പൊലീസ് പിടിയില്‍   

തൃശൂര്‍: മോഷണക്കേസുകൾ പലപ്പോഴും നമ്മൾ കാണാറുണ്ട്. വലിയ ആത്മവിശ്വാസത്തോടെ പണിക്കിറങ്ങുവന്നവരും, പിടിച്ചാലും കുഴപ്പമില്ലെന്ന നിലപാടുള്ളവരും പല കേസുകളിലെ അന്വേഷണത്തിലും കണ്ടിട്ടുണ്ട്. ഇപ്പോൾ തൃശൂരിൽ മാല പറിച്ച് വടകരയിൽ പിടിയിലായ കള്ളൻ വലിയ  ആത്മവിശ്വാസത്തിലായിരുന്നു തന്നെ ആരും പിടിക്കില്ലെന്നും, വളരെ ശ്രദ്ധയോട എല്ലാ കാര്യങ്ങളും ചെയ്തതുകൊണ്ട് തന്നെ പിടികൂടാനാവില്ലെന്നും ഒക്കെ ആയിരുന്നു ഈ കള്ളന്റെ ആത്മവിശ്വാസം. ഒടുവിൽ പിടിയിലായപ്പോൾ പൊലീസിനോട് കള്ളൻ ചോദിച്ചതും ഇതു തന്നെയായിരുന്നു. മോഷ്ടിക്കാൻ ഇറങ്ങിയതിലടക്കം വലിയ കഥയാണ് കള്ളന് പറയാനുള്ളത്. ഒരു സിനിമാ കഥ പോലെ എല്ലാം ഈ കള്ളൻ പൊലീസിനോട് പറയുകയും ചെയ്തു.  ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ വയോധികയുടെ സ്വര്‍ണമാല പറിച്ചു കടന്ന കേസിൽ അറസ്റ്റിലായ മോഷ്ടാവാണ് കഥയിലെ കക്ഷി. 

വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ് (28) തൃശൂര്‍ റൂറല്‍ എസ് പി  ഐശ്വര്യ ഡോങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ എസ്പി ടികെ ഷൈജു, കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നാം തീയതിയായിരുന്നു എടതിരിഞ്ഞി സ്വദേശിയായ അറുപത്തിയഞ്ചുകാരിയുടെ മൂന്നു പവനോളം തൂക്കമുള്ള സ്വര്‍ണമാല വീടിനടുത്തുള്ള വഴിയിൽ വച്ച് സ്‌കൂട്ടറിലെത്തിയ പ്രതി വലിച്ചു പൊട്ടിച്ചെടുത്തത്.

പ്രതിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഇവര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭയന്നുപോയ ഇവര്‍ നിലവിളിച്ചപ്പോഴേക്കും പ്രതി സ്‌കൂട്ടറില്‍ കടന്നു കളഞ്ഞിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. ബെംഗളൂരുവില്‍ ജോലിയുള്ള പ്രതി കഴിഞ്ഞ മാസം അവസാനമാണ് നാട്ടിലെത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ പണം നഷ്ടപ്പെട്ട തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ മോഷണത്തിന് ഇറങ്ങിയെന്നാണ് ചോദ്യംചെയ്യലില്‍ പറഞ്ഞത്.

സരോഷിന്റെ മോഷണത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൃത്യമായ തയ്യാറെടുപ്പ് നടത്തിയാണ് പ്രതി മോഷണത്തിന് ഇറങ്ങിയത്. പല തരത്തിലുള്ള ഷര്‍ട്ടും ബനിയനുകളും മാസ്‌ക്കുകളുമെടുത്ത് ഓഗസ്റ്റ് രണ്ടിന് സരോഷ് വീട്ടില്‍നിന്ന് ഇറങ്ങി. തുടര്‍ന്ന് കോഴിക്കോട് എത്തി. പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. മാല പൊട്ടിക്കാനായി ഒരു ഇരുചക്ര വാഹനം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതേ സമയത്താണ് ചാലപ്പുറത്ത് ഡോക്ടറെ കാണാനെത്തിയ തിരുവണ്ണൂര്‍ സ്വദേശിയായ വീട്ടമ്മ തിരക്കിനിടയില്‍ സ്‌കൂട്ടറില്‍നിന്ന് താക്കോലെടുക്കാന്‍ മറന്ന് ഡോക്ടറുടെ വീട്ടിലേക്ക് കയറിപ്പോയത്.

ഇടവഴികള്‍ കയറിയിറങ്ങി അതുവഴി വരികയായിരുന്ന സരോഷ് താക്കോലോടെ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്‌കൂട്ടര്‍ കണ്ടതോടെ അതില്‍ കയറി സ്ഥലം വിട്ടു. അവിടെനിന്ന് പല സ്ഥലങ്ങളിലൂടെ കറങ്ങി ഗുരുവായൂരില്‍ എത്തിയ ഇയാള്‍ രാത്രി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് മുറിയെടുത്ത് തങ്ങി. പിറ്റേന്ന് പുതു വസ്ത്രങ്ങണിഞ്ഞ് ഇറങ്ങി. വഴിയില്‍ വച്ച് നമ്പര്‍ തിരുത്തി, ഇടയ്ക്ക് വീണ്ടും വസ്ത്രം മാറി.

ഇങ്ങനെ പൊലീസ് പിടിക്കാതിരിക്കാന്‍ പലതരത്തില്‍ വേഷം മാറിയെങ്കിലും പൊലീസിന്റെ ശ്രമകരമായ പരിശ്രമമാണ് ഏഴ് ദിവസംകൊണ്ട് ഫലം കണ്ടത്. ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, എഎസ്ഐ  ശ്രീജിത്ത്, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, ധനേഷ്, ചോമ്പാല സ്റ്റേഷനിലെ സീനിയര്‍ സി പി ഒ സുമേഷ് എന്നിവരാണ് ഇയാളെ വടകരയില്‍നിന്ന്  കസ്റ്റഡിയിലെടുത്തത്. രാത്രി ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷമാണ് പുലര്‍ച്ചെ പിടികൂടിയത്.

ചോദ്യം ചെയ്യലില്‍  കള്ളത്തരങ്ങള്‍ എല്ലാം തുറന്നുപറഞ്ഞ പ്രതി പോലീസിനോട് തിരിച്ച് ഒരു ചോദ്യവും ചോദിച്ചു. 'ഇത്രയൊക്കെ കരുതലുണ്ടായിട്ടും എങ്ങനെ എന്നെ നിങ്ങൾ പൊക്കി' എന്നായിരുന്നു ഇയാൾ ചോദിച്ചുകൊണ്ടേയിരുന്നത്. ബെംഗളൂരുവില്‍ എയര്‍ഫോഴ്‌സ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ അസിസ്റ്റന്റാണ് ഇയാള്‍. വളരെ ചെറുപ്പത്തിലെ ജോലി ലഭിച്ചെങ്കിലും കൂടുതല്‍ സമ്പന്നനാക്കാന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലേക്ക് കടക്കുകയായിരുന്നു. 

Read more:  'പാലം വലിക്കുന്നു! ശൂന്യാകാശത്താണ്', 'പുതുപ്പള്ളി പാലത്തി'ൽ വിശദീകരിച്ച് മുരളി തുമ്മാരുകുടി

ആദ്യം ലാഭം കിട്ടിയെങ്കിലും പിന്നീട് വലിയ ധനനഷ്ടമുണ്ടായി. ഈ ബാധ്യത തീര്‍ക്കാനാണ് മോഷണത്തിനിറങ്ങിയത്. മാലപൊട്ടിച്ചശേഷം പറവൂര്‍ വഴി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി സ്‌കൂട്ടര്‍ അവിടെ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് വടകരയിലെത്തി ഒരു കടയില്‍ മാല വിറ്റു. ഈ സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, എസ് എ എം. ഹബീബ്, എ എസ് ഐ. കെഎസ്. ശ്രീജിത്ത്, സീനിയര്‍ സി പി ഒ  പി.ടി. വിജയന്‍, ഇ എസ്. ജീവന്‍, സി ജി  ധനേഷ്, വി എസ്  ശ്യാം, കെഎസ്  ഉമേഷ്, സൈബര്‍ വിദഗ്ധന്‍ മനു കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു