
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രന് (Rasmitha Ramachandran) മയിലമ്മ പുരസ്‌കാരം. മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നൽകുന്നത്. പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും ജനകീയസമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം നൽകുന്നത്.
ജനുവരി അഞ്ചാം തിയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി അർ അജയനും അറിയിച്ചു. വിളയോടി വേണുഗോപാൽ, ആറുമുഖൻ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്റെ കുറിപ്പ്, വന്‍ വിമര്‍ശനം
നേരത്തെ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരായ രശ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത പോസ്റ്റിൽ വിമര്‍ശനമുയര്‍ത്തിയിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറഞ്ഞിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവർ അവസാനിപ്പിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam