കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും; റേഷന്‍ വ്യാപാരികള്‍ സമരത്തിൽ

By Web TeamFirst Published Jun 18, 2019, 8:08 AM IST
Highlights

ഉൽപ്പന്നങ്ങൾ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി. ഉൽപ്പന്നങ്ങൾ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലയിലെ റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല.

കൊയിലാണ്ടി കരിവണ്ണൂര്‍ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളെ ആക്രമിച്ചുവെന്നാണ് പരാതി. റേഷന്‍ കടയിൽ ഇറക്കുന്ന അരി അടക്കമുള്ളവ തൂക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളിലേക്ക് വഴിവച്ചതെന്ന് നേതാക്കള്‍ പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ദിവസം മുഴുവന്‍ കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം.

ഗോഡൗണ്‍ തൊഴിലാളികള്‍ക്കെതിരേയും ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണമെന്നാണ് ആവശ്യം. കടകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ശനമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

click me!