
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.
സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32 കോടി രൂപ മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നല്‍കിയിരുന്നു.
അതേസമയം വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‍സിഡി നിരക്കില്‍ നല്‍കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ 19-ാം തീയ്യതി ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചിരുന്നത്. 13 ഇനം സബ്‍സിഡി സാധനങ്ങള്‍ക്ക് പുറമെ നോണ്‍ സബ്‍സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയിലെ വിലയേക്കാള്‍ പത്ത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവുമുണ്ടാകും. ഓണക്കാലത്ത് 200 കോടിയുടെ വില്‍പന കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്; കേരളത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് മന്ത്രി
പെരുമ്പാവൂര്‍: സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് അവസരം നല്‍കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂര്‍ ടൗണില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് ആവശ്യപ്പെടാന്‍ സാധിക്കും. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി മന്ത്രി ജി. ആര്‍. അനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ആധാര്‍ കൈവശമുള്ളവര്‍ക്കു മാത്രമാണ് സൗകര്യം ലഭിക്കൂ. എല്ലാ മാസത്തിലെയും ആദ്യദിവസം അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.