
മലപ്പുറം: റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതോടെ പകല്‍ ആളൊഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളം. റീ കാര്‍പെറ്റിംഗ് ജോലികള്‍ ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മാറ്റിയതിനാലാണ് പകല്‍ സമയത്ത് വിമാനത്താവളത്തില്‍ ആളും ആരവുമില്ലാതായത്. കഴിഞ്ഞ ഞായറാഴ്ചയാണ് റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നത്. ഇതുകാരണം പകല്‍ സമയത്തെ മുഴുവന്‍ വിമാന സര്‍വീസുകളും രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി 12 മണിക്കൂറും വിമാന സര്‍വീസുകള്‍ എത്താന്‍ തുടങ്ങിയതോടെ രാത്രി കരിപ്പൂര്‍ വിമാനത്താവളം ജന നിബിഢവുമാണ്.
പകല്‍ പത്ത് മുതല്‍ വൈകീട്ട് ആറ് വരെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ക്രമീകരണം. ജനുവരി 14 മുതല്‍ പുതിയ സമയ ക്രമം വന്നത്. ആറ് മാസത്തേക്കാണ് റണ്‍വേ പകല്‍ സമയങ്ങളില്‍ അടച്ചിട്ടുള്ളത്. ഈ സമയത്തുളള എല്ലാ സര്‍വീസുകളും പുനക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഈ സമയത്തുളളത്. ബാക്കിയുളള സര്‍വീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂള്‍ സമയത്ത് പുനക്രമീകരിച്ചിരുന്നു. ആഴ്ചയില്‍ ആറ് ദിവസമുളള എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റി. ഇപ്പോള്‍ 10.50നാണ് വിമാനം കരിപ്പൂരില്‍ നിന്നും പുറപ്പെടുന്നത്. പുതിയ സമയ ക്രമമനുസരിച്ച് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.30നും വെളളി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 8.55നുമാണ് വിമാനം പുറപ്പെടുക. കണ്ണൂര്‍ വഴി മടങ്ങുന്ന വിമാനം ഉച്ചക്ക് 2.05നാണ് ഡല്‍ഹിയിലെത്തുക.
സലാം എയറിന്റെ സലാല സര്‍വീസിന്റെയും സമയം മാറ്റിയിട്ടുണ്ട്. നിലവില്‍ പുലര്‍ച്ചെ 4.40ന് സലാലയില്‍ നിന്നും പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11 മണിക്കാണ് മടങ്ങുക. ജനുവരി 17 മുതല്‍ പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സര്‍വീസ്. അതേസമയം റണ്‍വേ റീകാര്‍പ്പറ്റിംഗിനൊപ്പം റണ്‍വേ സെന്റര്‍ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുള്‍പ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ദില്ലി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam