
മാനന്തവാടി: പേര്യ വട്ടോളി പ്രദേശത്തെ വനം അതിര്‍ത്തി നിര്‍ണയിക്കുന്ന പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി. സ്ഥലം എംഎല്‍എ ഒ.ആര്‍. കേളുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രദേശവാസികളുമായി സംസാരിക്കാതെ ജണ്ട (വനാതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള നിര്‍മാണം) നടത്തരുതെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വട്ടോളിയിലെ കാരങ്കോട് പ്രദേശത്ത് ജണ്ട സ്ഥാപിക്കുന്നത് നാട്ടുകാര്‍ ഞായറാഴ്ച തടഞ്ഞിരുന്നു. കൈവശരേഖയുള്ള, പതിറ്റാണ്ടുകളായ താമസിച്ചുവരുന്ന സ്ഥലം ഉള്‍പ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. പ്രദേശത്തുള്ളവരെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ വനംവകുപ്പ് പ്രവൃത്തി തുടങ്ങുകയായിരുന്നു. പ്രദേശവാസികള്‍ ഇടപ്പെട്ടതോടെ ഉദ്യോഗസ്ഥരും തൊഴിലാളികളും നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ച് മടങ്ങിയിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സംഭവസ്ഥലം എം.എല്‍.എ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമെ പ്രദേശത്തെ അതിര്‍ത്തി നിര്‍ണയം നടത്താവു എന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗം സുമത അപ്പച്ചന്‍, വരയാല്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ. ബിജുമോന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് നല്‍കിയ സ്ഥലവും വനാതിര്‍ത്തിയും നിര്‍ണയിക്കുന്നതിന്റെ ഭാഗമായാണ് ജണ്ട സ്ഥാപിക്കുന്നതെന്നായിരുന്നു വനംവകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam