
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് രണ്ട് വർഷം; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദെന്ന 'മാമി'യെ കാണാതായിട്ട് ഇന്ന് രണ്ട് വർഷം പിന്നിടുകയാണ്. മാമിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രതിഷേധത്തിലാണ്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ സംഭവിച്ച വീഴ്ചയാണ് കേസ് എങ്ങുമെത്താതിരിക്കാൻ കാരണമെന്നാണ് ഇവരുടെ പ്രധാന ആരോപണം.
2023 ഓഗസ്റ്റ് 21-നാണ് മാമിയെ അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും കാണാതായത്. ഭാര്യയുടെ പരാതിയിൽ നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കാണാതായ ദിവസം മാമി തലക്കുളത്തൂർ വരെ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിലും നടക്കാവ് പോലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നു.
അന്വേഷണത്തിൽ വീഴ്ച: വകുപ്പുതല അന്വേഷണം തുടരുന്നു ലോക്കൽ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടക്കാവ് മുൻ എസ്.എച്ച്.ഒ. അടക്കമുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണം ഇപ്പോഴും തുടരുകയാണ്. പ്രാഥമിക അന്വേഷണത്തിൽ സംഭവിച്ച വീഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണവും ഫലമില്ലാതെ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതിന് പിന്നാലെ കേസ് എസ്.ഐ.ടിക്ക് കൈമാറിയിരുന്നു. പിന്നീട് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയ ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
മാമിയുടെ മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പുറമേ, സംശയമുള്ള ചിലരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും, രണ്ട് വർഷം പിന്നിടുമ്പോഴും മാമിക്ക് എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ ക്രൈംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam