
തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് മൂന്നൈയ്‌നിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അകലാട് മൂന്നൈയ്‌നി സ്വദേശികളായ ഹംസക്കുട്ടി (42), ഷബീന (36), കബീര്‍ (43), മൊയ്തീന്‍ പള്ളി സ്വദേശി മുഹമ്മദ് ഹനീഫ 39), ഇര്‍ഫാദ് (32), അഫ്‌സല്‍ (35) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തിലെ പ്രധാനി അകലാട് മൂന്നൈയ്‌നി ചാലില്‍ ഇഷാക്കിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ വഴിയാണ് പിടിയിലായവര്‍ക്ക് പണയം വെക്കാനുള്ള സ്വര്‍ണം ലഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ നാല് മുതല്‍ ഓഗസ്റ്റ് 13 വരെ വിവിധ ദിവസങ്ങളിലായാണ് സംഘം അകലാട് മൂന്നൈയ്‌നിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം വെച്ച് 5,58,700 രൂപ തട്ടിയത്. അഫ്‌സല്‍ മൂന്ന് വളകളും, ഇര്‍ഫാദ്, മുഹമ്മദ് ഹനീഫ എന്നിവര്‍ രണ്ട് വളകള്‍ വീതവും ഹംസകുട്ടി, കബീര്‍, ഷെജീന എന്നിവര്‍ ഓരോ വളകളുമാണ് വെച്ചിരുന്നത്. ശരാശരി ഒരു പവനോളം തൂക്കം വരുന്ന 10 വളകള്‍ 916 ഹോള്‍ മാര്‍ക്കോടുകൂടിയവയും വി.ജെ.എന്ന മുദ്ര പതിച്ചിരുന്നവയുമാണ്.
നേരത്തെ നല്ല സ്വര്‍ണം പണയം വെച്ച് സ്ഥാപനത്തിലെ ജീവനക്കാരുമായി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപന ഉടമകളുടെ പരാതിയെ തുടര്‍ന്ന് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഘത്തെ പിടികൂടിയത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എച്ച്.ഒയ്ക്ക് പുറമെ എസ്.ഐമാരായ പി.പി. ബാബു, സി. ബിന്ദുരാജ്, സി.എന്‍. ഗോപിനാഥന്‍, പി.എ സുധീര്‍, എ.എസ്.ഐ. ടി.കെ. ഷിജു, പോലീസുകാരായ രജനീഷ്, രേഷ്‌നി എന്നിവരും ഉണ്ടായിരുന്നു.