
കല്‍പ്പറ്റ: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കൈപ്പറ്റ മാമലക്കുന്ന് സ്വദേശി സദക്കത്തുള്ള (39) യാണ് അറസ്റ്റിലായത്. മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി. രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരെയാണ് ആക്രമിച്ചത്.
എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും, സിവില്‍ പോലീസ് ഓഫീസറെ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കൈക്ക് പരിക്കേറ്റ എസ്.ഐയും ചുണ്ടിനും മോണക്കും വയറിനും പരിക്കേറ്റ പൊലീസുകാരനും ആശുപത്രിയില്‍ ചികിത്സ തേടി. ഭര്‍ത്താവ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ സദക്കത്തുള്ളക്കെതിരെ ഗാര്‍ഹിക പീഡനത്തിനും, വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതിന് മറ്റൊരു കേസുമുണ്ട്.
സദക്കത്തുള്ള സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും മാതാവിനെയും ഉപദ്രവിക്കാറുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവം നടന്ന ദിവസം തന്നെ തടഞ്ഞു വച്ച് കഴുത്തിനു കുത്തി പിടിച്ച് കൈ കൊണ്ടും കല്ലിന്റെ ഉരല്‍കുട്ടി കൊണ്ട് നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നും കത്തിവീശി കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. തനിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ ഭര്‍ത്താവ് അറിയാതെ ബുക്ക് ചെയ്ത വിരോധത്തിലാണ് അക്രമം നടത്തിയതെന്നും യുവതി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam