മലങ്കര അണക്കെട്ട് പണിയാൻ എത്തിയവർക്ക് പുനരധിവാസം; മൂന്നു സെന്റ് സ്ഥലം വീതം ‌നൽകും

By Web TeamFirst Published Sep 30, 2019, 1:02 PM IST
Highlights

ഓരോരുത്തർക്കും മൂന്നു സെന്റ് ഭൂമി വീതം വർഷങ്ങൾക്കു മുൻപെ അനുവദിച്ചു. എന്നാൽ പട്ടയം കിട്ടാത്തതിനാൽ പുനരധിവാസം നീണ്ടു പോവുകയായിരുന്നു.

ഇടുക്കി: മലങ്കര അണക്കെട്ടിനു സമീപം കുടിൽ കെട്ടി താമസിക്കുന്നവരുടെ പുനരധിവാസത്തിന് നടപടി തുടങ്ങി. അണക്കെട്ട് പണിയാൻ എത്തിയവരിൽ പതിമൂന്ന് കുടുംബങ്ങളാണ് നാല്പത് വർഷമായി ഇവിടെ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടും നൽകും.

മലങ്കര ഹില്ലി ആക്വ ഫാക്ടറിക്കു സമീപമുള്ള മുപ്പത്തി ഒൻപത് സെന്റ് സ്ഥലം മലങ്കരയിലെ പതിമൂന്ന് കുടുംബങ്ങൾക്ക് നൽകാൻ വർഷങ്ങൾക്കു മുൻപേ തീരുമാനമായതാണ്. മൂവാറ്റുപഴ വാലി ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി പദ്ധതിക്ക് ആവശ്യമില്ലാത്തതിനാൽ റവന്യൂ വകുപ്പിന് കൈമാറി. ഇവിടെ ഓരോരുത്തർക്കും മൂന്നു സെന്റ് ഭൂമി വീതം വർഷങ്ങൾക്കു മുൻപെ അനുവദിച്ചു. എന്നാൽ പട്ടയം കിട്ടാത്തതിനാൽ പുനരധിവാസം നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം മുട്ടം പഞ്ചായത്ത് ഇടപെട്ട് നടത്തിയ യോഗത്തിലാണ് പരിഹാരം ആയത്. തുടർന്ന് സ്ഥലത്ത് കാടു വെട്ടിത്തെളിച്ച് നിലം നിരപ്പാക്കുന്ന പണികൾ തുടങ്ങി.

പന്ത്രണ്ട് പേർക്കാണ് ഇപ്പോൾ വീടു നിർമ്മിച്ചു നൽകുക. അവശേഷിക്കുന്ന ഒരാൾ യഥാസമയം അപേക്ഷകൾ നൽകാത്തതാണ് വീട് അനുവദിക്കാൻ തടസ്സമായിരിക്കുന്നത്. കേന്ദ്രത്തിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായത്തോടെ വീടു നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇവരെ പുനരധിവസിപ്പിക്കാത്തതു മൂലം കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ മലങ്കര ടൂറിസം പദ്ധതിയുടെ എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
 

click me!