
ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലായിരുന്ന പ്രതി മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. തെളിവെടുപ്പിനിടെയും രാജ്കുമാറിനെ പൊലീസ് മർദ്ദിച്ചെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ന്യൂമോണിയയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്കുമാർ മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ ജൂൺ 12ന് രാജ്കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
അവശനിലയിലാണ് രാജ്കുമാറിനെ പീരുമേട് സബ്ജയിലിൽ എത്തിച്ചത്. സ്ട്രെച്ചറിൽ എത്തിച്ച പ്രതിയെ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാറിന്‍റെ മരണമെന്നും മൃതദേഹത്തിൽ അടിയേറ്റ പാടുകളില്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നായിരുന്നു രാജ്കുമാറിനെതിരായ കേസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam