'ഡോക്ടർമാർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ല', ആലപ്പുഴ മെഡി. കോളേജില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

By Web TeamFirst Published Dec 7, 2022, 5:45 PM IST
Highlights

പ്രസവസമയം അമ്മയുടെയും കുഞ്ഞിന്‍റെയും ഹൃദയമിടിപ്പ് 20 ശതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. 

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സിസേറിയന്‍ സമയത്ത് തങ്കു ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചു. ചര്‍ച്ചയ്ക്കായി കളക്ടറും എസ്‍പിയും മെഡിക്കല്‍ കോളേജിലെത്തും. 

കൈനകരി സ്വദേശി രാംജിത്തിന്‍റെ ഭാര്യ അപർണയെ ലേബർ മുറിയിൽ കയറ്റുന്നത് ഇന്നലെ വൈകിട്ട് 3 നാണ്. അമ്മയ്ക്കും കുഞ്ഞിനും എന്തെങ്കിലും പ്രശ്നം ഉള്ളതായി അതുവരെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. എന്നാൽ 4 മണിക്ക് പൊക്കിൾകൊടി പുറത്തേക്ക് വന്നെന്നും  സിസേറിയൻ വേണമെന്നും അറിയിപ്പ് വന്നു .തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചതായും അറിയിച്ചു. ഇതോടെ ചികിത്സാ പിഴവെന്ന് ആരോപിച്ച്  തുടങ്ങിയ സoഘർഷം സൂപ്രണ്ട് എത്തിയ ശേഷമാണ് രാത്രി അവസാനിച്ചത്. എന്നാൽ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം അമ്മ അപർണയും മരിച്ചെന്ന് അധികൃതർ അറിയിച്ചതോടെ വീണ്ടും സംഘർഷം തുടങ്ങി. 

പ്രസവസമയം അമ്മയുടെയും കുഞ്ഞിന്‍റെയും ഹൃദയമിടിപ്പ് 20 ശതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. ഫോറൻസിക് വകുപ്പ് മേധാവിയുടെ നേതൃത്വതത്തിൽ മെഡിക്കൽ കോളേജും ഡിഎംഇയുടെ കീഴിൽ വിദഗ്ദസമിതിയുടെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!