Asianet News MalayalamAsianet News Malayalam

പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

പൊക്കിള്‍ക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നും അമ്മയ്ക്കും കുഞ്ഞിനും പ്രസവസമയത്ത് 20 ശതമാനത്തിലും താഴെയായിരുന്നു ഹൃദയമിടിപ്പ് എന്നുമാണ് സൂപ്രണ്ട് അബ്ദുല്‍ സലാം അറിയിച്ചത്. 

doctor gives explanation about the death of new born and mother in alappuza medical college
Author
First Published Dec 7, 2022, 1:58 PM IST

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം വലിയ രീതിയിലാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ചികിത്സാപ്പിഴവ് മൂലമാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവരുടെ ബന്ധുക്കള്‍. പരാതി പൊലീസിന് നല്‍കുകയും ഈ പരാതിയിന്മേല്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡി. കോളേജ് ആശുപത്രി സൂപ്രണ്ട് ഒരു വിശദീകരണം നല്‍കിയിരുന്നു. പുക്കിള്‍ക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നും അമ്മയ്ക്കും കുഞ്ഞിനും പ്രസവസമയത്ത് 20 ശതമാനത്തിലും താഴെയായിരുന്നു ഹൃദയമിടിപ്പ് എന്നുമാണ് സൂപ്രണ്ട് അബ്ദുല്‍ സലാം അറിയിച്ചത്. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ ഐഎംഎ (ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു പങ്കുവച്ചൊരു വിശദീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

പ്രസവസമയത്ത് അമ്മയോ കുഞ്ഞോ മരിക്കുന്ന സംഭവങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അതിന് അതിന്‍റേതായ കാരണങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ഡോ. സുള്‍ഫി നൂഹു വിശദീകരണമായി പറയുന്നത്. 'പെരിപ്പാര്‍ട്ടം കാര്‍ഡിയോമയോപ്പതി' എന്ന അവസ്ഥയായിരിക്കാം ആലപ്പുഴയിലെ അമ്മയുടെയും കുഞ്ഞിന്‍റെയും മരണകാരണമെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് പൂര്‍ണമായി വായിക്കാം.

'ജന്മം നൽകുമ്പോൾ മരണം ദൗർഭാഗ്യകരമാണ്. ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്‍റെയും മരണം. പെരിപ്പാട്ടം കാർഡിയോ മയോപ്പതി എന്ന അതീവ ഗുരുതരമായ അവസ്ഥയാണ് മരണകാരണമായത്. അതായത് ഹൃദയത്തിലെ മാംസപേശികളിലെ ശക്തികുറവുണ്ടാകുന്ന അവസ്ഥ.

പൊതുവേ ഈ രോഗത്തിന് കാരണങ്ങൾ നിരവധി ചൂണ്ടിക്കാണിക്കപ്പെടുന്നു. അമ്മയുടെ പ്രായക്കൂടുതൽ, പ്രീ എക്ലാംസിയ എന്ന അവസ്ഥ തുടങ്ങി ജീനുകളിലെ വ്യത്യാസം വരെ പറയുവാൻ കഴിയും. മരണം നിർഭാഗ്യകരമാണ്.

എന്നാൽ ചില അവസ്ഥകളിൽ വൈദ്യശാസ്ത്രം നിസ്സഹായമായി പോകും. ഭാരതത്തിൽ തന്നെ പ്രസവസംബന്ധമായ മരണങ്ങളിൽ ഏറ്റവും കുറവ് കാണിക്കുന്ന സംസ്ഥാനം കേരളം. എങ്കിലും  ഒരു ലക്ഷം പ്രസവങ്ങളിൽ 19 ആൾക്കാർ മരിച്ചുപോകുന്ന  കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ വളരെ മെച്ചപ്പെട്ടത്. എന്നുമാത്രമല്ല  വിദേശ വികസിത രാജ്യങ്ങളോടൊപ്പം കിടപിടിക്കുന്നത്.

ജന്മം നൽകുമ്പോൾ അത്യപൂർവ്വമായി സംഭവിക്കാവുന്ന ഈ അപകടങ്ങൾ പരിപൂർണ്ണമായും ഒരിടത്തും ഒഴിവാക്കുവാൻ കഴിയില്ല തന്നെ. ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചാലോ ആശുപത്രികൾ തല്ലിത്തകർത്താലോ പെരി പാർട്ടം കാർഡിയോ മയോപ്പതി ഇല്ലാതാകില്ല തന്നെ! മറ്റൊരു ആശുപത്രി ആക്രമണത്തിന്റെ മുന്നൊരുക്കങ്ങൾ അവിടെ നടക്കുന്നുണ്ടോ എന്ന് സന്ദേഹം...'- ഡോ. സുള്‍ഫി നൂഹുവിന്‍റെ വാക്കുകള്‍. 

 

Also Read:- അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്

Follow Us:
Download App:
  • android
  • ios