'നാല് ദിവസമായി കബാലിയെത്തിയില്ല', അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിരോധനത്തിൽ നിയന്ത്രണങ്ങളോടെ ഇളവ്

Published : Dec 02, 2022, 08:07 AM IST
'നാല് ദിവസമായി കബാലിയെത്തിയില്ല', അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിരോധനത്തിൽ നിയന്ത്രണങ്ങളോടെ ഇളവ്

Synopsis

അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനത്തിൽ ഇളവ്. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശ്ശൂർ: അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനത്തിൽ ഇളവ്. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  കാട്ടുകൊമ്പൻ കബാലിയുടെ ആക്രമണങ്ങൾ പതിവായതോടെയാണ് ഈ വഴിയുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസമായി കാട്ടാന റോഡിൽ ഇറങ്ങാത്ത സാഹചര്യം കണക്കിലെടുത്താണ് ഇളവ് നൽകാനുള്ള തീരുമാനം.  നിയന്ത്രങ്ങളോടെ വന പാതയിലൂടെ സഞ്ചാരികളെ കടത്തിവിടാമെന്ന് വനം വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എന്നാൽ ഈ വഴിയിൽ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം തുടരാനും തീരുമാനിച്ചു.

കാട്ടുകൊന്പന്‍ കബാലിയുടെ ആക്രമണത്തെത്തുടര്‍ന്ന് അതിരപ്പിള്ളി.. മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചയോളമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ടൂറിസ്റ്റുകള്‍ക്ക് യാത്രാ വിലക്കുള്‍പ്പെടെ ഒരാഴ്ചത്തേക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്.  പ്രദേശത്ത് വനം വകുപ്പിന്‍റെ സുരക്ഷാ അംഗങ്ങള്‍ തുടര്‍ന്നേക്കും.  രാത്രിയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള യാത്രമാത്രമാവും തുടര്‍ന്ന് അനുവദിക്കുക. 

കഴിഞ്ഞ 23ന് രാത്രി കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ കബാലി ശ്രമിച്ചതോടെ ആയിരുന്നു ഈ പാതയിൽ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമായിരുന്നു അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ വില്ലത്തരം. കബാലി ഇപ്പോൾ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നുമാണ് വനം വകുപ്പ് പറയുന്നത്. 

ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനുനേരെ ആയിയിരുന്നു കബാലി പാഞ്ഞടുത്തത്.  അമ്പലപ്പാറ ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ബസ്സിന് മുന്നിലെത്തിയ കബാലി കൊമ്പു കൊണ്ട് വാഹനം കുത്തി ഉയര്‍ത്തി. പിന്നീട് താഴെവച്ചശേഷം റോഡില്‍ വാഹനത്തിന് പോകാനാകാത്ത വിധം നിലയുറപ്പിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരാക്രമത്തിന് ശേഷമാണ് കൊമ്പൻ കാടു കയറിയത്.

Read more: 'ഒരു ലിറ്റര്‍ കള്ളുകുടിക്കണം'; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങിയത് ഷാപ്പിലേക്ക്

എട്ടരയ്ക്ക് മലക്കപ്പാറയെത്തേണ്ട ബസ് രണ്ടര മണിക്കൂര്‍ വൈകിയാണ് യാത്ര അവസാനിപ്പിച്ചത്. യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. ഇതിന് മുമ്പ് ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനുനേരെ കബാലി പരാക്രമം കാണിച്ചിരുന്നു. എട്ടു കിലോമീറ്റര്‍ പിന്നോട്ടെടുത്താണ് ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതരാക്കിയത്. മേഖലയില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിച്ച് സുരക്ഷയൊരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍