മരണവീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വാടക വീടില്ല; ദുരനുഭവം തമിഴ്നാട് സ്വദേശികൾക്ക്, പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

Published : Mar 17, 2026, 07:54 PM IST
House demolished

Synopsis

ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിൽ പോയ തമിഴ്നാട് സ്വദേശികളുടെ വാടക വീട് തൃശൂരിൽ ഹിറ്റാച്ചി ഉപയോഗിച്ച് തകർത്തു. വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. 

തൃശൂർ: ബന്ധുവിൻ്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോയ നേരത്ത് തങ്ങൾ താമസിച്ചിരുന്ന വാടക വീട് ഹിറ്റാച്ചി ഉപയോഗിച്ച് തകർത്തു. വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. പൊലീസിനും കമ്മീഷണർക്കും പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ല. പരാതിയുമായി തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യയും.

തമിഴ്നാട് മധുര സ്വദേശികളായ മുരുകനും ഭാര്യ ശാന്തിയും 12 വർഷമായി തൃശൂർ കുരീച്ചിറ മാവേലി നഗറിൽ താമസിച്ച് വരികയായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരി ചെയ്താണ് ഇവർ ജീവിക്കാനുള്ള മാർഗം കണ്ടെത്തുന്നത്. 'താമസിക്കുന്നിടത്ത് ആരും ശത്രുക്കളില്ല. എല്ലാവരുമായും സൗഹൃദത്തിലാണ്' നല്ലവരായ നാട്ടുകാർ പലപ്പോഴും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും മുരുകൻ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് തങ്ങളുടെ ബന്ധു അത്യാസന്ന നിലയിലായതിനെ തുടർന്ന് നാട്ടിലേക്ക് പോകേണ്ടിവന്നു. തൊട്ടടുത്ത ദിവസം ബന്ധു മരിച്ചതിനെ തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി നാട്ടിൽ തന്നെ നിൽക്കേണ്ടിവന്നു. മരണാനന്തര ചടങ്ങുകൾക്കിടയിൽ തൃശ്ശൂരിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. വീട്ടുവാടക കൈപ്പറ്റിയിരുന്ന ജോൺസന്റെ പെങ്ങൾ ആലീസ് ആയിരുന്നു ഫോൺ ചെയ്തത്. താങ്കൾ താമസിച്ചിരുന്ന കെട്ടിടം പൊളിച്ചു എന്നും 'വീട്ട് സാമഗ്രികൾ എല്ലാം പുറത്തേക്ക് ഇട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ എടുത്തുകൊണ്ടു പോകണം എന്നുമായിരുന്നു ഫോണിൽ പറഞ്ഞത്. ഫെബ്രുവരി 9ന് ആയിരുന്നു ഫോൺ കോൾ. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇത്ര ദൂരം പെട്ടെന്ന് വരാൻ മുരുകനും ഭാര്യക്കും കഴിഞ്ഞില്ല.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, ചെറുതും വലുതുമായി ഇത്രകാലം സമ്പാദിച്ച വിലയേറിയ സാമഗ്രികളും പൈതൃകമായി സൂക്ഷിച്ചു വെച്ചിരുന്ന പാരമ്പര്യ വസ്തുക്കളും നഷ്ടപ്പെട്ടതായും മുരുകനും ഭാര്യയും പരാതിയിൽ പറയുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം

ഫെബ്രുവരി 23ന് വാടക സ്ഥലത്തേക്ക് തിരിച്ചുവന്നപ്പോൾ ഫോണിൽ പറഞ്ഞതിലും അപ്പുറമായിരുന്നു കാഴ്ചകൾ. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു കെട്ടിടം തകർത്തത്. വീട്ടുസാമഗ്രികൾ റോഡിലും തകർന്ന വീട്ടിലുമായി ചിതറി കിടക്കുന്നു. ഒന്നും വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായി കിടക്കുകയായിരുന്നു. എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ലെന്നും മുരുകനും ഭാര്യ ശാന്തിയും പറഞ്ഞു.

അന്വേഷിച്ചപ്പോൾ വാടക നൽകിവരുന്ന വീട്ടുടമയുടെ മക്കളും മരുമക്കളുമാണ് ഇതെല്ലാം തകർത്ത് എന്നാണ് അയൽവാസികൾ പറഞ്ഞത്. ഉടൻ ഒല്ലൂർ പൊലീസിൽ പരാതി നൽകി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഒരു അന്വേഷണവും ഉണ്ടായില്ല. പൊലീസ് കാര്യം പോലും തിരക്കിയില്ല. വാടക വീട് ഒഴിയുന്നതിനോ മാറി താമസിക്കുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടില്ല, മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഞങ്ങൾ തിരികെ വരുന്നതുവരെ കാത്തിരിക്കാമായിരുന്നു എന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് വിലപ്പെട്ടതായി സൂക്ഷിച്ച സാമഗ്രികൾ തകർത്തത് എന്നാണ് മുരുകൻ ചോദിക്കുന്നത്.

മേൽക്കൂരയില്ലാത്ത വീട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഉറങ്ങാൻ കഴിയാതെ നിന്ന് കൊണ്ടാണ് മൂന്ന് രാത്രികൾ കഴിച്ചു കൂട്ടിയത്. സ്നേഹമുള്ള നാട്ടുകാരുടെ സഹായത്താലാണ് വീണ്ടും ജീവിക്കാനുള്ള സൗകര്യമൊരുക്കി സമീപത്തെ മറ്റൊരു വാടക സ്ഥലം തയ്യാറാക്കി നൽകിയത് എന്നും മുരുകൻ പറയുന്നു. നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും മുരുകനും ശാന്തിയും തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം, കൈപ്പത്തി ചിഹ്നത്തിൽ ജന്മനാട്ടിലേക്കെന്ന് രമേഷ് പിഷാരടി
ശ്യാമള ടീച്ചർക്കെതിരായ പരാമർശം സ്ത്രീ വിരുദ്ധം, കുടുംബം പാർട്ടിക്കൊപ്പം, ടി കെ ഗോവിന്ദനെ തള്ളി മരുമകൾ