വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ

By Web TeamFirst Published Oct 21, 2021, 9:57 PM IST
Highlights

വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

ആലപ്പുഴ: വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കായംകുളം വില്ലേജിൽ ചേരാവളളി മുറിയിൽ കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞിന്റെ മകൻ അബ്ദുൾ റഷീദാണ് (38) അറസ്റ്റിലായത്. 

കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ കരസ്ഥമാക്കിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ വളളികുന്നത്ത് കായംകുളം എംഎസ്എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്. 

കായംകുളം ഹോബി തീയറ്ററിന് വടക്ക് വശത്ത് നിന്ന് രണ്ട് എയ്സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും, കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കിയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. 

ഇത്തരത്തിലുളള സംഭവങ്ങൾ വ്യാപകമാകുന്നതായും സമാന രീതിയിൽ കുറ്റകൃത്യം നടത്തുന്ന ഒരു റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ, എസ് ഐ ആനന്ദ് കൃഷ്ണൻ, എസ് ഐ നിയാസ്, എഎസ്ഐ. നവീൻകുമാർ, സിപിഒ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

click me!