നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്നു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ദേവികുളം സബ് കളക്ടർ

By Web TeamFirst Published Feb 9, 2019, 12:25 PM IST
Highlights

നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന  മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് നൽകി. 

ഇടുക്കി: നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന  മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് നൽകി. കോടതിയലഷ്യ ഹർജി ഫയൽ ചെയ്യുമെന്നും ദേവികുളം സബ് കളക്ടർ രേണു രാജ് അറിയിച്ചു. 

എംഎൽഎ എസ് രാജേന്ദ്രനെതിരെ റവന്യൂ പ്രന്‍സിപ്പിൾ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതുശേഷം തുടർനടപടിയുണ്ടാകുമെന്ന് സബ് കളക്ടർ അറിയിച്ചു. മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് കെഡിഎച്ച്പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്. 

നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരടക്കം പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയും 2010ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ എന്‍ഒസി ഇല്ലാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ് കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും നിര്‍മ്മാണം തുടരുകയാണെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ  അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെതിയത്.

അതേസമയം ഇവിടെയെത്തിയ ഉദ്യോഗസ്ഥരെ എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ളവര്‍ തടയുകയും ദേവികുളം സബ് കളക്ടറെ അടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന്  നടപടി സ്വീകരിക്കുവാന്‍ കഴിയാതെ സംഘം മടങ്ങുകയുമായിരുന്നു. 2010ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുന്നതിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ  സബ് കളക്ടര്‍ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും. പൊതുജനമധ്യത്തിൽ സബ് കളക്ടറെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച എംഎൽഎ എസ് രാജേന്ദ്രനെതിരെ റവനൃൂ പ്രിൻസിപ്പിൾ സെക്രട്ടിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രേണു രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനധികൃത നിർമ്മാണങ്ങൾക്കും കൈയ്യേറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുന്നവരെ ആൺ പെൺ വ്യത്യാസമില്ലാത്തെ അപമാനിക്കുന്ന എംഎൽഎക്കെതിരെ വനിത സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന. 

click me!