
കോഴിക്കോട്: കൊതുകുനിര്‍മ്മാര്‍ജ്ജന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് നഗരത്തിലും പരിസരത്തും പ്രളയാനന്തരം കൊതകുശല്യം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് മുന്‍കാലങ്ങളില്‍ സജീവമായി കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനും നിയന്ത്രണത്തിനും ബോധവത്ക്കരണപ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
മുമ്പ് കൊതുകുകള്‍ പരത്തിയിരുന്ന മലമ്പനി, മന്ത് രോഗങ്ങള്‍ക്കെതിരെയായിരുന്നു കൊതുകുനിര്‍മ്മാര്‍ജ്ജന സമിതിയുടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഇന്ന് ഡെങ്കിപ്പനിയടക്കം ഒട്ടേറെ മാരകമായ രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നതും ഒട്ടേറെയാളുകള്‍ ആളുകള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളുടെയും പുതിയ പ്രവര്‍ത്തകരുടെയും സംയുക്തയോഗം വിളിച്ചുചേര്‍ക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് എ.എം. കറുപ്പന്‍ പറഞ്ഞു.
കേരളം നേരിട്ട പ്രളയത്തെയും പ്രകൃതി നാശത്തെയും കുറിച്ച് നാല്‍പ്പതുവര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതാരും കാര്യമായെടുത്തില്ലെന്ന് യോഗത്തില്‍ സംസാരിച്ച ഡോ. എ. അച്യുതന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കോടികള്‍ മുടക്കി നവീകരണ പദ്ധതികള്‍ തയ്യാറാക്കിയ കനോലി കനാല്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചത് കോഴിക്കോട്ടെ ആളുകള്‍ പ്രകൃതി സംരക്ഷണത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ലെന്നും അതാണ് കൊതുകുകളുടെ വ്യാപനം പോലെ ജനജീവിതത്തിന് ഭീഷണിയുള്ള കാര്യങ്ങള്‍ പെരുകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നടക്കാവ് ലിറ്റില്‍ ഹാര്‍ട്ട് നഴ്‌സറി സ്‌കൂള്‍ പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ യു കെ കുമാരന്‍, ഐ.വി. ശശാങ്കന്‍, എന്‍. സുഭാഷ്ബാബു, അഡ്വ. വിശ്വനാഥന്‍, കാഞ്ചനമാല, ഇ. സി. സതീശന്‍, വി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam