മാലക്കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കിയ പൊലീസുകാർക്ക് ആദരമൊരുക്കി നാട്ടുകാർ

By Web TeamFirst Published Feb 10, 2019, 1:19 PM IST
Highlights

മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന്‍റെയും ട്രാഫിക് കണ്‍ട്രോൾ റൂമിലെ ശരത് ചന്ദ്രന്‍റെയും അതിവേഗ ഇടപെടലാണ് മാലക്കള്ളനെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കിയത്.  

തിരുവനന്തപുരം: പൂജപ്പുരയില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളിൽ പിടികൂടിയ ട്രാഫിക് പൊലീസുകാരായ ബിജുകുമാറിനും ശരത് ചന്ദ്രനും പൊലീസിന്‍റെയും നാട്ടുകാരുടെയും ആദരം. റസിഡന്‍സ് അസോസിയേഷനുകൾ സംഘടിപ്പിച്ച  യോഗത്തിലാണ് കള്ളനെ പിടികൂടിയ മികവിന് ഇരുവരെയും ആദരിച്ചത്. 

ബുധനാഴ്ചയാണ് പൂജപ്പുരയില്‍ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. രാവിലെ പത്തിനായിരുന്നു ബൈക്കിലെത്തിയ മോഷ്ടാവ് സജീവ് മാലപൊട്ടിച്ചത്. എന്നാൽ അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ സജീവ് പിടിയിലായി. മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന്‍റെയും ട്രാഫിക് കണ്‍ട്രോൾ റൂമിലെ ശരത് ചന്ദ്രന്‍റെയും അതിവേഗ ഇടപെടലാണ് മാലക്കള്ളനെ കുടുക്കിയത്.  

മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറിനെക്കുറിച്ച് ലഭിച്ച ചെറിയ അടയാളങ്ങളിലൂടെയാണ് കള്ളനെ പിടിച്ചത്. വാഹന നമ്പറിലെ ഒരു അക്കം പ്രതി മായ്ച്ചു കളഞ്ഞിരുന്നു. സ്കൂട്ടറിന്‍റെ പുറകിലുണ്ടായിരുന്ന ചിത്രമായിരുന്നു മറ്റൊരു അടയാളം. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന  ബിജുകുമാറിന് വയർലെസിലൂടെ ഈ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മ്യൂസിയം പരിസരിത്ത് നിർത്തിയിട്ട ബൈക്കുകളിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടർ കണ്ടെത്തി.

ഉടൻ മ്യൂസിയം സ്റ്റേഷനിൽ വിവരം അറിയിക്കുകയും കൂടുതൽ പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. സജീവിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ രണ്ടാഴ്ചക്കിടെ നടന്ന നാല് കേസുകള്‍ക്കാണ് തുമ്പായത്. 
 

click me!