
കോഴിക്കോട് : മുണ്ടിക്കൽത്താഴം, കോട്ടാം പറമ്പ്, കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എംഡിഎംഎ വിൽപ്പന നടത്തി വന്ന താമരശ്ശേരി ചുണ്ടങ്ങ പൊയിൽ സ്വദേശി കാപ്പുമ്മൽ ഹൗസിൽ അതുൽ അറസ്റ്റിൽ. നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾ താമസിക്കുന്ന വീട്ടിൽ മെഡിക്കൽ കോളേജ് എസ്.ഐ നിധിൻ ആർ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. അറസ്റ്റിലായ അതുലിന് താമരശ്ശേരി സ്റ്റേഷനിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് കേസ് ഉണ്ട്. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തിൽ ഏർപെടുകയായിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്.
വാടകവീട് കേന്ദ്രികരിച് ലഹരിമരുന്ന് വിൽപ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് വീട് നിരീക്ഷിച്ച് വരകയായിരുന്നു. രഹസ്യ വിവരത്തിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ പരിശോധനയിൽ പിടികൂടുകയായിരുന്നു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് നല്ല കുടുംബം പോലെ ഒരു യുവതിയോടപ്പം താമസിപ്പിച്ചതിനാൽ വിട്ടുടമയ്ക്കും, പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല.
എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ., അനീഷ് മൂസേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, അർജുൻ അജിത് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐമാരായ നിധിൻ ആർ, രാധാകൃഷ്ണൻ, മനോജ് കുമാർ, സി.പി.ഒ മാരായ വിഷ് ലാൽ, ഹനീഫ, രൻജു, വീണ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam