
പത്തനംതിട്ട: പെരുനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ച് രണ്ടാഴ്ചയായിട്ടും ഫലമില്ല. കഴിഞ്ഞ ദിവസം കോളാമലയിലും കോട്ടക്കുഴിയിലും നാട്ടുകാർ വീണ്ടും കടുവയെ കണ്ടു. തുടർച്ചയായി കടുവ ഇറങ്ങുന്നതോടെ വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾക്ക് പേടിയാണ്.
ഈ മാസം രണ്ടാം തിയതി രാത്രിയിലാണ് കുളത്ത്നീരവിൽ കടുവയെ ആദ്യം കണ്ടത്. രണ്ട് പശുക്കളേയും കടുവ ആക്രമിച്ച് കൊന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം എട്ടാം തിയതി വനം വകുപ്പ് കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. എന്നാൽ ദിവസം ഇത്രയും കഴിഞ്ഞിട്ടും നാട്ടുകാർക്ക് ആശ്വാസകരമായ വാർത്തയുണ്ടായിട്ടില്ല. കാർമ്മൽ എഞ്ചിനിയറിങ്ങ് കോളേജിന്റെ ആറ് കിലോ മീറ്റർ ചുറ്റളവിലാണ് കടുവയുടെ സാന്നിധ്യമുള്ളത്. രാത്രികാലങ്ങളിലും പുലർച്ചെയും ആളുകൾ ഇപ്പോഴും കടുവയെ കാണുന്നുണ്ട്. റബർ ടാപ്പിങ്ങ് തൊഴിലാളികൾക്ക് തോട്ടങ്ങളിൽ ജോലിക്ക് പോകാൻ കഴിയാത്തതാണ് നിലവിലെ സാഹചര്യം
പല സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു കൂട് മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ കൂടുകൾ വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനാതിർത്തിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളും കാട് പിടിച്ച് കിടക്കുന്നതിനാൽ വനം വകുപ്പിന്റെ പരിശോധനയും പ്രയോജനം ചെയ്യുന്നില്ല. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കാണുന്ന പ്രദേശത്തേക്ക് കൂട് മാറ്റി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
Read Also: കരടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam