
പത്തനംതിട്ട: കുടുംബ കോടതി ജില്ലാ ജഡ്ജിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിൽ പത്തനംതിട്ടയിൽ പിടിയിലായത് മർച്ചന്റ് നേവി റിട്ടയേർഡ് ക്യാപ്റ്റൻ ജയപ്രകാശ്. തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ആറ് വർഷമായിട്ടും വിവാഹമോചന കേസിൽ തീർപ്പാകാതെ വന്നതോടെയാണ് ജഡ്ജിക്കെതിരെ രോഷാകുലനായി പ്രതി കാർ അടിച്ചു തകർത്തത്.
മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസ് ഇന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജയപ്രകാശ് നഗരസഭയ്ക്ക് അടുത്തുള്ള ചന്തയിൽ പോയി മൺവെട്ടി വാങ്ങി തിരികെയെത്തി. പിന്നാലെ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയുടെ ബോർഡ് വെച്ച ഔദ്യോഗിക വാഹനത്തിൻറെ മുന്നിലും പിന്നിലുമുള്ള ഗ്ലാസുകൾ ജയപ്രകാശ് അടിച്ചു തകർക്കുകയായിരുന്നു.
ഉടൻ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിവാഹമോചന കേസിൽ ജീവനാംശം ആവശ്യപ്പെട്ട് ജയപ്രകാശിന്റെ ഭാര്യയും അടൂർ സ്വദേശിയുമായ സ്ത്രീ പത്തനംതിട്ട കോടതിയിൽ കേസ് നൽകിയിരുന്നു. പിന്നീട് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് ജയപ്രകാശ് ആരോപിച്ചു. ഇതിൻറെ ദേഷ്യത്തിലാണ് താൻ കാർ തകർത്തതെന്നും ജയപ്രകാശ് പോലീസിന് മൊഴി നൽകി. കഴിഞ്ഞദിവസം ജഡ്ജിയെ വിമർശിച്ച് ജയപ്രകാശ് ഫേസ്ബുകിൽ പോസ്റ്റും ഇട്ടിരുന്നു. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചുതകർത്തത്. സംഭവത്തിൽ ജയപ്രകാശിനെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam