
കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയതായി പ്രഖ്യാപിച്ച ടിക്കറ്റിന്മേൽ അവകാശവാദവുമായി പിറവം പാഴൂർ സ്വദേശിയും വിരമിച്ച എ.എസ്.ഐയുമായ കെ.കെ സജിമോൻ രംഗത്തെത്തി. ടിക്കറ്റ് തന്റെ കൈവശത്ത് നിന്ന് നഷ്ടമായെന്നാണ് ആരോപണം. വിഷയത്തിൽ അദ്ദേഹം പൊലീസിൽ പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി 24നായിരുന്നു നറുക്കെടുപ്പ്. എക്സ്.സി 188455 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പൊലീസിൽ നിന്ന് വിരമിച്ച ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജി മോൻ.തന്റെ വാഹനത്തിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പഭക്തർ ഒരു നെയ്യ് പാത്രം മറന്നു വെച്ചിരുന്നു. താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് ആ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നും പിന്നീട് അവരുടെ അഭ്യർത്ഥന പ്രകാരം പാത്രം കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അതിനൊപ്പം അയച്ച് പോയെന്നാണ് സജിമോന്റെ വിശദീകരണം.
ജനുവരി 30നാണ് പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് പാഴ്സൽ അയച്ചത്. ടിക്കറ്റ് പാത്രത്തിനടിയിൽ ഉണ്ടായിരുന്ന കാര്യം മനസ്സിലാക്കിയ ശേഷം ഫെബ്രുവരി 1ന് വൈകുന്നേരം കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാഴ്സൽ തിരികെ ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. ഫെബ്രുവരി 4ന് വിശാഖപട്ടണത്ത് പാത്രം ലഭിച്ചതായി അറിയുന്നു. ഡിസംബർ 1ന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പിള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും, ടിക്കറ്റിന്റെ പിൻവശത്ത് സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറഞ്ഞു.
പരാതിയെ തുടർന്ന് പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. തുടർന്ന് ക്യാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി. ടിക്കറ്റ് പരിശോധിച്ച് തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. അതേസമയം, ബമ്പർ സമ്മാനം നേടിയതായി പറയപ്പെടുന്ന ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിൽ ഹാജരാക്കിയതായി സൂചന ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam