മൂന്നുമാസം ഗർഭിണിയായിരുന്ന ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് യുവാവ് ബെംഗളൂരുവിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യ ഹരീഷ്മയെ രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എടത്വ: ആലപ്പുഴയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുമാസം ഗർഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.
നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടൻ കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.
ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ലോഡ്ജിൽ ഒരു മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


