
തൃശൂർ: 27 വർഷത്തെ സർവീസിന് ശേഷം വിരമിച്ചിട്ടും തൃശൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനായിരുന്ന ഷാജു ഇടയ്ക്കിടെ ഓഫിസിലേക്കെത്തുന്നു. വെറുതെയല്ല ഷാജുവിന്റെ വരവ്. ഓഫീസ് വളപ്പിൽ താൻ നട്ട് വളർത്തിയ പ്രിയപ്പെട്ട ചെടികളെ പരിപാലിക്കുകയാണ് ഓരോ വരവിന്റെയും ലക്ഷ്യം. സ്വന്തം പണം മുടക്കി തൊഴിലിടം ഒരു പൂങ്കാവനമാക്കി മാറ്റിയ മുൻ എംപ്ലോയ്മെന്റ് ഓഫീസറുടെ കൃഷി വിശേഷങ്ങൾ രസകരമാണ്.
15 വർഷം ജോലി ചെയ്ത തൊഴിലിടത്തിലേക്കുള്ള മടങ്ങിവരവ് തന്റെ ഉദ്യാനത്തിലേക്കും കൂടിയാണ്. പൂത്തുലഞ്ഞ കടലാസ് ചെടികളും, കായ്ച്ച പ്ലാവും മാവും, ചാമ്പയും, റമ്പൂട്ടാനും, സപ്പോട്ടയുമെല്ലാ സർക്കാർ ഉദ്യോഗത്തിനൊപ്പമുള്ള അധ്വാനത്തിന്റെ ഫലമാണ്. തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ എംപ്ലോയ്മെന്റ് ഓഫീസർ ആയിരുന്ന ഷാജു ലോനപ്പൻ നട്ടുനനച്ചു വളർത്തിയതാണ് ഈ കാണുന്നതെല്ലാം. ഓഫീസിനു മുന്നിൽ മാലിന്യം കുന്നുകൂടിയപ്പോഴാണ് ചെടികൾ നട്ടു തുടങ്ങിയത്. പിന്നെ അതൊരു ഹരമായി. സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ഓഫീസിലേക്ക് ചെടികൾ വാങ്ങി തുടങ്ങി.
27 വർഷം നീണ്ട സർക്കാർ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ 31നാണ് ഷാജു ലോനപ്പൻ വിരമിച്ചത്. എന്നാലും ഇടയ്ക്കിടെ ഓഫീസിൽ എത്തും. സഹപ്രവർത്തകർ തന്റെ അരുമകളായ ചെടികളെ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മടങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam