
കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തൽ. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകർമ്മങ്ങളുടെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. കേസിൽ ഇവരുടെ ഭർത്താവിന്റെ അമ്മയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ഒരു ദിവസം നീണ്ടുനിന്ന ആഭിചാരക്രിയകൾ. അതിപ്രാകൃതമായ സംഭവത്തിനു ഇരയായത് 24 കാരിയായ പെൺകുട്ടി. ഭർത്താവ് അഖിൽദാസും ഇയാളുടെ അച്ഛൻ ദാസും അമ്മ സൗമിനിയും മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസും ചേർന്നാണ് പെൺകുട്ടിയെ ആഭിചാരക്രിയകൾക്കിരയാക്കിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ പൂജകൾ പകുതിയായപ്പോൾ തന്നെ പെൺകുട്ടിയുടെ ബോധം നഷ്ടപ്പെട്ടു.
സംഭവത്തിന് പിന്നാലെ നേരിടേണ്ടിവന്ന ദുരനുഭവം പെൺകുട്ടി സ്വന്തം വീട്ടുകാരെ വിളിച്ച് അറിയിച്ചു. തുടർന്ന് ആഭിചാരക്രിയകളുടെ ദൃശ്യങ്ങൾ സഹിതം മണർകാട് പോലീസിന് പരാതി നൽകി.പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം അഖിൽ ദാസിനെയും അച്ഛനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് തിരുവല്ല സ്വദേശിയായ ശിവദാസും അറസ്റ്റിൽ.
മൂന്നുപേരും നിലവിൽ റിമാൻഡിൽ ആണ്. പെൺകുട്ടിയുടെ മൊഴിപ്രകാരം അഭിചാര ക്രീയകൾക്ക് മുൻകൈയെടുത്തത് അഖിലിന്റെ അമ്മ സൗമിനിയാണ്. ഒളിവിലുള്ള സൗമിനിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നാട്ടുകാരിൽ നിന്നും ഇവരുടെ ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മൂന്ന് മാസം ആയി അഖിലുമായി പ്രണയത്തിൽ ആയിരുന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ഇയാൾക്കൊപ്പം പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam