
ഇടുക്കി: വാഗമണ്ണില്‍ വ്യാജപ്പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റം ചെയ്ത കേസില്‍ റവന്യൂ വകുപ്പ് ഭൂമിയുടെ സര്‍വ്വേ നടത്തി. ഷേര്‍ലി ആല്‍ബര്‍ട്ട് എന്നയാളുടെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന സ്ഥലം കണ്ടെത്തി നല്‍കാനുള്ള കോടതി ഉത്തരവിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.
വാഗമണ്ണില്‍ ഷേര്‍ലി ആല്‍ബര്‍ട്ടിന്റെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന പത്തേക്കര്‍ സ്ഥലം വ്യാജപ്പട്ടയമുണ്ടാക്കി പലര്‍ക്കായി വില്‍പ്പന നടത്തിയെന്നാണ് കേസ്. ഷേര്‍ലിയുടെ മുന്‍ ഭര്‍ത്താവ് ജോളി സ്റ്റീഫനാണ് സര്‍ക്കാര്‍ ഭൂമിക്കുള്‍പ്പെടെ വ്യാജപ്പട്ടയമുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷേര്‍ലിയുടെയും സഹോദരിയുടെയും സ്ഥലം അളന്നു തിരിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി 2021ല്‍ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ വിധിയെ തുടര്‍ന്നാണ് സര്‍വേ നടത്താന്‍ റവന്യൂ സംഘമെത്തിയത്.
കഴിഞ്ഞ ദിവസം സര്‍വേ നടത്താന്‍ എത്തിയപ്പോള്‍ വ്യാജപ്പട്ടയമാണെന്നറിയാതെ ഭൂമി വാങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനാല്‍ ഇത്തവണ പൊലീസ് സംരക്ഷണത്തോടെയാണ് എത്തിയത്. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നതുള്‍പ്പെടെയുള്ള തടസ്സവാദവുമായി ഭൂവുടമകളുമെത്തിയിരുന്നു. ഇവരുമായി ഇടുക്കി സബ് കളക്ടറെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സര്‍വ്വേ നടത്താന്‍ അനുവദിച്ചത്. മൂന്നു പട്ടയങ്ങളിലുള്ള ഭൂമിയാണ് അതിര്‍ത്തി തിരിച്ചത്. സര്‍വ്വേ സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. സ്ഥലത്ത് നിലവിലുള്ള ഭൂവുടമകളുടെയും കൈവശമുള്ള ഭൂമിയുടെയും അളവ് കൃത്യമായി കണ്ടെത്താന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കും.
പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam