ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഇടുക്കിയില്‍ മണ്ണെടുപ്പ്; നിര്‍ത്തി വയ്പ്പിച്ച് റവന്യൂവകുപ്പ്

By Web TeamFirst Published Apr 4, 2020, 4:55 PM IST
Highlights

ദേവികുളം ആർഡിഓഫീസിനു സമീപം സർവേ നമ്പർ 20/1ൽ പെട്ട സ്ഥലത്തുനിന്നുമാണ് ഏഴ് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വെള്ളിയാഴ്ച മണ്ണെടുപ്പ് നടത്തിയത്. 

ഇടുക്കി: ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ അനധികൃത മണ്ണെടുപ്പ് റവന്യൂവകുപ്പ് നിർത്തിവെയ്പിച്ചു. ദേവികുളം ആർഡി ഓഫീസിനു സമീപം സർവേ നമ്പർ 20/1ൽ പെട്ട സ്ഥലത്തുനിന്നുമാണ് ഏഴ് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വെള്ളിയാഴ്ച മണ്ണെടുപ്പ് നടത്തിയത്. ക്രൈസ്തവ സന്യാസസഭയുടെ ഉടമസ്ഥതയിലായിരുന്നു ഈ ഭൂമിയും കെട്ടിടവും. 

2013, 2018 വർഷങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടത്തിനകത്തുണ്ടായ  മൂന്ന് സന്ന്യാസികൾ മരിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചുപോയ ഭൂമി മറ്റൊരാൾ അടുത്തിടെ വാങ്ങിയിരുന്നു. എന്നാൽ പ്രകൃതിദുരന്തമുണ്ടായ സ്ഥലത്തുനിന്നു കളക്ടറുടെ അനുമതിയില്ലാതെയും, ലോക്‌ ഡൗൺ നിയമം ലംഘിച്ച് തൊഴിലാളികളെ ഉപയോഗിച്ച് ഇയാൾ വെള്ളിയാഴ്ച മണ്ണ് മാറ്റുകയായിരുന്നു.

സബ് കളക്ടർ എസ് പ്രേം കൃഷ്ണന്റെ നിർദേശപ്രകാരം സ്പെഷ്യൽ തഹസിൽദാർ ബിനു ജോസഫ്, റവന്യൂ ഇൻസ്പെക്ടർ പി എച്ച് വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌റ്റോപ് മെമ്മോ നൽകിയത്. ലോക് ഡൗൺ ലംഘനം നടത്തി തൊഴിലാളികളെ കൊണ്ടു പണിയെടുപ്പിച്ചതിന് ഉടമയ്ക്കെക്കെതിരേ കേസെടുക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് ദേവികുളം പോലീസിന് കത്തുനൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്താൻ കെഡിഎച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.

click me!