
തൃശൂര്‍: ആറ് മാസത്തെ കാലാവധിയില്‍ നിയമിച്ച പുനഃപരിശോധന കമ്മിറ്റിയുടെ കാലാവധി 2019 മെയ് ആറിന് കഴിയുന്നതോടെ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ ആശങ്കയിലായി. 2018 നവംബര്‍ ഏഴിന് നിയമിച്ച കമ്മറ്റിക്ക് സര്‍ക്കാര്‍ ഇതുവരെ ഓഫീസോ സ്റ്റാഫിനെയോ നല്‍കിയില്ല. ഒരു സിറ്റിങ് പോലും നടത്താതെയാണ് കമ്മീഷന്‍ കാലാവധി നാളെ അവസാനിക്കുന്നത്. സംസ്ഥാനത്തെ ഒരു ലക്ഷത്തില്‍പ്പരം പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ പ്രശ്‌നത്തില്‍ സര്‍വീസ് സംഘടനകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതായും ആക്ഷേപമുണ്ട്. പുതിയതായി സര്‍വീസില്‍ കയറുന്ന യുവ ജീവനക്കാരിലാണ് ഇക്കാര്യത്തില്‍ പ്രതിഷേധമേറെയും.
2013 കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ സമരം ചെയ്തും ദേശീയതലത്തില്‍ ശക്തമായ നിലപാടെടുത്തതും ഇടതുപക്ഷ സംഘടനകളാണ്. ഇക്കാരണങ്ങളാല്‍ എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നൊരു വിശ്വാസം പുതിയ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നു.
അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച തോമസ് ഐസക് ധനമന്ത്രിയായി വന്നതോടെ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രികയിലും പങ്കാളിത്തപെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 2018 ഏപ്രില്‍ വരെ ഒരു നടപടിയുമുണ്ടായില്ല.2017 അവസാനത്തോടുകൂടി എറണാകുളം ജില്ലയില്‍ നിന്ന് യൂസഫ് എന്നയാള്‍ പങ്കാളിത്ത പെന്‍ഷന്‍ നിന്ന് ആദ്യമായി വിരമിച്ചപ്പോഴാണ് ഇതിന്‍റെ ഭീകരത ജീവനക്കാര്‍ മനസിലാക്കിയത്. ഇതിനെ തുടര്‍ന്ന് എന്‍പിഎസ് എംപ്ലോയിസ് കളക്ടീവ് കേരള എന്ന വാട്ട്‌സാപ്പ് കൂട്ടായ്മ രൂപപ്പെട്ടു.
ഇവര്‍ സംഘടിച്ച് 2018 ഏപ്രിലില്‍ ധനമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. ഇതിന്‍റെ ഫലമായി 2018 മെയ് ഒന്നിന് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കവെ ധനമന്ത്രി അനുകൂലമായ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ആറ് മാസങ്ങള്‍ക്ക് ശേഷം 2018 നവംബര്‍ ഏഴിന് രൂപീകരിച്ച കമ്മിറ്റിയാണ് ഒരു സിറ്റിങ് പോലും നടത്താതെ അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam