
കൊച്ചി: സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിയ അമ്പത് ചാക്ക് അരി ഉപയോഗ ശൂന്യമായതിനെ തുടർന്ന് കുഴിച്ചുമൂടി. വടക്കൻ പറവൂരിലെ എഐഎസ് യുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ മുൻ പ്രധാന അധ്യാപികയിൽ നിന്ന് നഷ്ടം ഈടാക്കിയ ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് അരി കുഴിച്ച് മൂടാൻ നിർദ്ദശം നൽകിയത്.
കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിൽ നിന്ന് വിവിധ മാസങ്ങളിൽ വാങ്ങി, സ്റ്റോർ റൂമിൽ സൂക്ഷിച്ച 1981 കിലോ അരിയാണ് ചെള്ളും പൂപ്പലും വന്ന് നശിച്ചു പോയത്. സ്കൂളിൽ ഉച്ച ഭക്ഷണ വിതരണം കഴിഞ്ഞ് ബാക്കിയാകുന്ന അരിയുടെ കണക്ക് അതാത് മാസം ഉപജില്ലാ വിഭ്യാഭ്യാസ ഓഫീസറെ അറിയിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ എഐഎസ് യുപി സ്കൂൾ അധികൃതർ ഈ കണക്കുകൾ മറച്ച് വച്ചു. കെട്ടിക്കിടന്ന അരിയിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങിയതോടെ നാട്ടുകാർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ലഭിച്ച പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയും അരി ഇനി ഉപയോഗിക്കാനാകില്ലെന്ന് വിലയിരുത്തുകയും ചെയ്തു. കണക്കുകൾ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുന്നതിൽ മുൻ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി. തുടന്നാണ് സ്കൂൾ മാനേജ്മെന്‍റ് അധികൃതരോട് അരി കുഴിച്ച് മൂടാൻ നിർദ്ദേശിച്ചത്. കിലോയ്ക്ക് 31 രൂപ എന്ന നിരക്കിൽ മുൻ പ്രധാന അധ്യാപികയിൽ നിന്ന് നഷ്ടം ഈടാക്കിയ ശേഷമാണ് അരി നശിപ്പിച്ചു കളയാനുള്ള നിർദ്ദേശം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam