
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. 100 പേരെ എങ്കിലും ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറഞ്ഞു. അഞ്ച് മണിക്കൂറോളം എറണാകുളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കലാപ സമാനമായ അവസ്ഥയായിരുന്ന കിഴക്കമ്പലത്ത് നടന്നത്.
സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. സിഐയും നാല് പൊലീസുകാരുമാണ് ആദ്യം എത്തിയത്. എന്നാല്‍ ആക്രമകാരികളായ തൊഴിലാളികളെ തടയാന്‍ ഇവര്‍ ആപ്രപ്യമായിരുന്നു.
അതുവരെ തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിച്ചതെന്ന് നാട്ടുകാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'കള്ളും കഞ്ചാവും അടിച്ചവര്‍ റോട്ടില്‍ ബഹളം ഉണ്ടാക്കി, ഇവരുടെ അതിക്രമം അതിരുകടന്നപ്പോള്‍ കമ്പനിയിലെ സെക്യൂരിറ്റി ഇവരോട് താമസ സ്ഥലത്തേക്ക് കയറിപ്പോകാന്‍ പറഞ്ഞു. ഇത് സെക്യൂരിറ്റിയും തൊഴിലാളികളുമായ പ്രശ്നമായി, ഇതിന്റെ പരാതി പറയാന്‍ 500 ഓളം പേര്‍ കമ്പനിയുടെ ഓഫീസിന് അടുത്ത് തടിച്ചുകൂടി ആക്രമണം നടത്തി. ഇത് അറിഞ്ഞാണ് പൊലീസ് എത്തിയത് ഇവര്‍ക്കെതിരെ ആക്രമണം തിരിഞ്ഞു. ഒരു വണ്ടി പൂര്‍ണ്ണമായി കത്തി നശിപ്പിച്ചു, ഒരു തകര്‍ന്ന വണ്ടിയിലാണ് സിഐയെയും പൊലീസുകാരെയും കൊണ്ടുപോയത്. ഒരു പ്രത്യേക റിപ്പബ്ലിക്ക് പോലെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, കള്ളും കഞ്ചാവും ഇവിടുത്തെ പ്രധാന കാര്യമാണ്. സെക്യുരിറ്റിയൊക്കെ പ്രത്യേക പട്ടാളം പോലെയാണ് പെരുമാറുന്നത്. 2012 മുതല്‍ ഇത്തരം നാട്ടുകാര്‍ക്കെതിരായ ആക്രമണം ഉണ്ട്.
പൊലീസിനെ ആക്രമിച്ച ശേഷമാണ് നാട്ടുകാര്‍ ഇന്നത്തെ സംഘര്‍ഷത്തില്‍ ഇടപെട്ടത്. നാട്ടുകാരാണ് പൊലീസിനെ രക്ഷിച്ചത്. ആദ്യം കുറച്ച് പൊലീസുകാര്‍ ആക്രമിക്കപ്പട്ടതിന് ശേഷം കൂടുതല്‍ പൊലീസ് വന്നപ്പോഴും അവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. നാട്ടുകാരാണ് താഴെയുള്ള മറ്റൊരു വഴിയിലൂടെ പൊലീസിനെ സ്ഥലത്ത് എത്തിച്ചത്. നാട്ടുകാരാണ് പൊലീസിനെ സഹായിച്ചത്, വീടുകളില്‍ നിന്ന് ഹെല്‍മറ്റ് വാങ്ങിയാണ് അവര്‍ കല്ലെറിനെ പ്രതിരോധിച്ചത്. നാട്ടുകാര്‍ ടൂവീലര്‍ ഹെല്‍മറ്റുകള്‍ നല്‍കിയത്. രാവിലെയാണ് എസ്പിയുടെ നേതൃത്വത്തില്‍ സംഘമെത്തി തൊഴിലാളി ക്യാമ്പുകളില്‍ റെയ്ഡ് നടത്തി ആളുകളെ പിടികൂടിയത്' - നാട്ടുകാര്‍ പറയുന്നു.
റൂറല്‍ എസ്.പി പറയുന്നത്
അതേ സമയം പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെന്ന് കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ പൊലീസുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.